ഉത്തരകൊറിയയിൽ നിന്നും ആയുധങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ; കിം ജോങ് ഉൻ- വ്‌ളാഡിമർ പുടിൻ കൂടിക്കാഴ്ച ഉടൻ

Published by
Janam Web Desk

മോസ്‌കൊ: ഉത്തര കൊറിയയുമായി ആയുധ ഇടപാട് കരാറിനൊരുങ്ങി റഷ്യ. യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സൈനീകസഹകരണത്തിന് തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഔദ്യോഗിക വാർത്ത ഏജൻസികൾ സ്ഥിരീകരിക്കുന്നുണ്ട്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ റഷ്യ സന്ദർശിക്കുമെന്നും സൂചനയുണ്ട്.

ഉത്തര കൊറിയയിൽ നിന്നും ആയുധങ്ങൾ വാങ്ങാനാണ് റഷ്യയുടെ നീക്കം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും ആയി കിം ജോങ് ഉൻ കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ തീരനഗരമായ വ്‌ലോഡിവോസ്റ്റോക് കേന്ദ്രീകരിച്ച് ആയിരിക്കും ചർച്ചകൾ നടക്കുക.

ആയുധങ്ങൾ നൽകുന്നതിന് പകരം റഷ്യ തങ്ങളുടെ പ്രതിരോധ സാങ്കേതികവിദ്യകൾ ഉത്തരകൊറിയയ്‌ക്ക് കൈമാറും. പീരങ്കി ഷെല്ലുകളും, ആന്റി ടാങ്ക് മിസൈലുകളും ഉത്തരകൊറിയ റഷ്യയ്‌ക്ക് കൈമാറും. സാറ്റലൈറ്റ് സാങ്കേതികവിദ്യയും, ന്യൂക്ലിയർ അന്തർവാഹിനി സാങ്കേതികവിദ്യയും റഷ്യ ഉത്തരകൊറിയയ്‌ക്ക് കൈമാറും എന്നാണ് സൂചന. സംയുക്ത സൈനിക അഭ്യാസ സാധ്യതകളും ഇരു രാജ്യങ്ങളും തള്ളിക്കളയുന്നില്ല എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Share
Leave a Comment