കാൻഡി: ഏഷ്യാ കപ്പിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് പാകിസ്താന് കിട്ടിയത് ചക്കയിട്ടപ്പോൾ മുയൽ ചത്തതുപോലെയെന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. അത് ഒരു വിക്കറ്റായി ഞാൻ കണക്കാക്കില്ലെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. കോഹ്ലിയുടെ വിക്കറ്റ് പാകിസ്താന് കിട്ടിയത് ദൗർഭാഗ്യകരമായാണ്.
”ഇന്ത്യയെ സംബന്ധിച്ച് വിരാട്‌കോഹ്ലിയുടെ വിക്കറ്റ് പോയത് നഷ്ടമാണ്. ആ വിക്കറ്റ് അവർക്ക് ഭാഗ്യം കൊണ്ട് ലഭിച്ചതാണ്. കാരണം ആ പന്ത് ഇൻസൈഡ് എഡ്ജായിരുന്നു. ഞാൻ അതു വിക്കറ്റായി കണക്കാക്കുന്നില്ല.” ശ്രീശാന്ത് പ്രതികരിച്ചു.
” വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ അറിയാം. കോഹ്ലിയുടെ മനസ്സിൽ പാകിസ്താന്റെ ആഘോഷ പ്രകടനത്തെ കുറിച്ച് തോന്നിയതെന്തെന്നും എനിക്കറിയാം. സൂപ്പർ ഫോറിലെ ഇന്ത്യ- പാക് പോരാട്ടത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ലെഫ്റ്റ് ആം പേസർമാർക്കെതിരെ രോഹിത് ശർമ ബുദ്ധിമുട്ടുകയാണെന്നു പറയാൻ സാധിക്കില്ല. രോഹിത് ഫോമിലാണെങ്കിൽ, എല്ലാം നന്നായിത്തന്നെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച രീതിയിലാണ് രോഹിത് ശർമ്മ ബാറ്റിംഗ് തുടങ്ങിയത്. നല്ലൊരു പന്ത് ഫ്‌ളിക് ചെയ്തു. കോലിയുടെ കവർ ഡ്രൈവ് കണ്ടശേഷം അദ്ദേഹം സെഞ്ചറിയടിക്കുമെന്നാണ് ഞാൻ കരുതിയത്. അടുത്ത മത്സരത്തിനു വേണ്ടി കാത്തിരിക്കുക, മത്സരത്തിൽ ഇന്ത്യ ആധിപത്യം നേടും” ശ്രീശാന്ത് വ്യക്തമാക്കി. നാല് റൺസാണ് പാകിസ്താനെതിരായ മത്സരത്തിൽ കോഹ്ലി നേടിയത്. പാക്് പേസർ ഷഹീൻ അഫ്രീദിയുടെ പന്തിൽ താരം ബൗൾഡാകുകയായിരുന്നു.
Comments