ആലപ്പുഴ: വിശ്രമ മുറിയിലെ സീലിംഗ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്. ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. കൊല്ലം ചാത്തന്നൂർ സ്വദേശിനിയായ കെ. ശാലിനി (43)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കായി കൊല്ലത്തുനിന്ന് ചെങ്ങന്നൂരിലെത്തിയതായിരുന്നു ശാലിനി. ഡ്യൂട്ടിയ്‌ക്ക് മുൻപ് വിശ്രമ മുറിയിലിരിക്കവെ കറങ്ങിക്കൊണ്ടിരുന്ന ഫാൻ ഇവരുടെ ദേഹത്തേയ്‌ക്ക് വീഴുകയായിരുന്നു.
ചെങ്ങന്നൂർ ഡിപ്പോയിലെ വനിതകളുടെ പഴയ വിശ്രമ മുറിയിലാണ് സംഭവം. ഫാൻ ശാലിനിയുടെ തോളിലേയ്‌ക്കാണ് വീണത്. പരിക്കേറ്റ ശാലിനിയെ ഉടൻതന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
അടുത്തിടെയാണ് ചെങ്ങന്നൂർ ഡിപ്പോയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത്. കെട്ടിടത്തിൽ ജീവനക്കാർക്കായി വിശ്രമ മുറികളും ഒരുക്കിയിട്ടുണ്ട്. എന്നാൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താത്തതിനാൽ ജീവനക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. വളരെ ശോചനീയമായ അവസ്ഥയിലാണ് നിലവിലെ കെട്ടിടം പ്രവർത്തിക്കുന്നത്.
Comments