അതിവേഗം ബഹുദൂരം കുതിക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച് ലോകബാങ്ക്. ആഗോള തലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച പരിവർത്തനമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ലോക ബാങ്ക് അറിയിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സൗകര്യങ്ങൾ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ട് കൊണ്ട് നേടേണ്ടതാണ് കേവലം ആറ് വർഷം കൊണ്ട് രാജ്യം നേടിയെടുത്തത്. പൊതുജനങ്ങളുടെ ആവശ്യങ്ങൾ ലളിതമായി നിറവേറ്റുന്നതിനായി രാജ്യം വികസിപ്പിച്ച യുപിഐ,ജൻധൻ, ആധാർ, ഒഎൻഡിസി, കോവിൻ എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജി20 ഉച്ചകോടിയ്‌ക്ക് മുന്നോടിയായി തയ്യാറാക്കിയ ലോകബാങ്ക് റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച സുപ്രധാന നടപടികളെയും ഡിജിറ്റൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ സ്വീകരിച്ച നയങ്ങളുടെ പങ്കും വ്യക്തമായി വിശദമാക്കുന്നു.
എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ, ആധാർ, മൊബൈൽ കണക്ടിവിറ്റി എന്നിവയുടെ സംയോജന രൂപമായ JAM എന്ന ത്രിത്വം,ഡിജിറ്റൽ സാക്ഷരതയിൽ പിന്നിലുള്ള സാധാരണക്കാർക്കും മുതിർന്നവർക്കും വിവര സാങ്കേതികവിദ്യയുടെ വിശാല ലോകം തുറന്നു. 2008-ൽ ഡിജിറ്റൽ സാക്ഷരർ 25 ശതമാനമായിരുന്നെങ്കിൽ ആറ് വർഷങ്ങൾക്കിപ്പുറം 80 ശതമാനത്തോളം വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറുകൽ (ഡിപിഐ) അവതരിപ്പിച്ചതിന് ശേഷം അഭൂതപൂർവ്വമായ വളർച്ചയാണ് ഭാരതം കാഴ്ച വെച്ചത്. ഇതിൽ ഏറ്റവും പ്രധാനം ആധാർ കാർഡാണ്. എല്ലാവർക്കും ബാങ്ക് അക്കൗണ്ടെന്ന ആശയത്തിൽ ആരംഭിച്ച പദ്ധതിയായ പ്രധാൻമന്ത്രി ജൻ ധൻ യോജന ആരംഭിച്ച വർഷം മുതൽ വൻ കുതിപ്പാണ് സൃഷ്ടിക്കുന്നത്. രണ്ടാം വർഷമായി 2015-ന്റെ ആദ്യ പാദത്തിൽ 147.2 ദശലക്ഷമായിരുന്നു അക്കൗണ്ട് എടുത്തവരുടെ എണ്ണം. ഇത് 2022 ആയപ്പോൾ 462 ദശലക്ഷമായി. ഈ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളാണെന്നത് സ്ത്രീ ശാക്തീകരണത്തിന് ഉദാഹരണമാണ്. 260 ദശലക്ഷത്തിലധികം സ്ത്രീകൾക്കാണ് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സ്വന്തമായി ബാങ്ക് അക്കൗണ്ട് ലഭിച്ചത്.
റീട്ടെയിൽ പേയ്‌മെന്റുകൾക്കായി യുപിഐ ഉപയോഗിക്കുന്നതിന് പുറമേ ആനുകൂല്യങ്ങൾ നേരിട്ട് പൗരന്മാർക്ക് കൈമാറുന്നതിന് രാജ്യം സാങ്കേതികവിദ്യയെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയെന്നും ലോകബാങ്ക് പറയുന്നു. യുപിഐ നേട്ടങ്ങൾ രാജ്യത്ത് മാത്രമായി ഒതുങ്ങുന്നില്ല. മറ്റ് രാജ്യങ്ങൾക്കും ഇതിൽ നിന്ന് പ്രയോജനം ലഭിക്കും. ശ്രീലങ്ക, ഫ്രാൻസ്, യുഎഇ,സിംഗപ്പൂർ എന്നീ രാജ്യങ്ങൾ വളർന്നുവരുന്ന പേയ്‌മെന്റ് സംവിധാനങ്ങളിലും ഡിജിറ്റൽ മേഖലയിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Comments