ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായുള്ള തെരുവുനായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഈ മാസം 20-ന് കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിവിധ ഹർജികൾ കോടതി പരിഗണിക്കും. മറ്റൊരു കേസിന്റെ വാദം നടക്കുന്നതിനിടെയാണ് തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ ഉന്നയിക്കപ്പെട്ടത്. വിഷയം പിന്നീട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസും അറിയിച്ചു.
ഇന്ന് രാവിലെയാണ് തെരുവുനായ പ്രശ്നത്തില്‍ സുപ്രീകോടതിയിൽ ചർച്ച നടന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട വാദത്തിനായാണ് അഭിഭാഷകന് കുനാര്‍ ചാറ്റര്‍ജി കോടതിയിലെത്തിയത്. എന്നാൽ കയ്യില്‍ ബാന്‍ഡേജുമായി അദ്ദേഹം എത്തിയതോടെ ചീഫ് ജസ്റ്റീസ് കാര്യം അന്വേഷിക്കുകയായിരുന്നു. രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകള്‍ ആക്രമിച്ചെന്ന് അഭിഭാഷകന് മറുപടി നൽകി. ഈ സമയത്ത് മറ്റു അഭിഭാഷകരും തെരുവുനായ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നു.
പിന്നാലെ തെരുവുമായ പ്രശ്നം ഗുരുതരമാണെന്നും കോടതി സ്വമേധയാ കേസ് എടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്നായിരുന്നു സംഭവത്തിൽ ചീഫ് ജസ്റ്റിസിന്റെ മറുപടി. തെരുവുനായ പ്രശ്നത്തിൽ കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിവിധ ഹർജികൾ കോടതിക്ക് മുന്നിലുണ്ട്. ഈ ഹർജികളെല്ലാം പിന്നീട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.
Comments