ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി വിജയകരമായി നടന്നതിന് ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങളെന്ന് ജർമ്മൻ പ്രതിനിധി ഫിലിപ്പ് അക്കർമാൻ. അത്യന്തം ദുഷ്‌കരമായ സാഹചര്യത്തിലാണ് ഇന്ത്യ ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്നും എന്നാൽ പ്രതീക്ഷിച്ചതിലും അപ്പുറമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജി20 ഉച്ചകോടി ഇന്ത്യയുടെ നേതൃത്വത്തിൽ നടന്നതിൽ ഞാൻ വളരെ സംതൃപ്തനാണ്. ജി20യ്‌ക്കായി ഡൽഹിയിലെത്തിയപ്പോൾ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടി വിജയിപ്പിക്കാൻ ഞങ്ങളും ആഗ്രഹിച്ചു. ഇത് ഇന്ത്യയുടെ പ്രധാന നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. ജി20 കഴിഞ്ഞതോടെ ലോകരാജ്യങ്ങൾ ഇപ്പോൾ സമാധാനം പുന:സ്ഥാപിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’
‘ലോക നേതാക്കളുമായി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും ചർച്ചകളും നടന്നു. ജി20 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും, ആഫ്രിക്കൻ യൂണിയനും തമ്മിലുള്ള ശക്തമായ ബന്ധത്തിന് വഴിയൊരുക്കുന്നതിനുള്ള വിവിധ സംരംഭങ്ങളുടെ പ്രഖ്യാപനങ്ങൾക്കും ജി20 വേദി സാക്ഷ്യം വഹിച്ചു’ ഫിലിപ്പ് അക്കർമാൻ പറഞ്ഞു.
Comments