പ്രധാനമായും അഞ്ച് നേട്ടങ്ങളാണ് ജി20 ഉച്ചകോടിയുടെ ഭഗമായി ഉണ്ടായതെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ജി20യുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്. ജി20 പരിസമപ്തതി കുറിച്ചതിന് പിന്നാല ഭാരതത്തിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ചർചകളാണ് നടക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് ജോർജ്ജിന്റെ വിശകലനം.
ഭാരത് എന്ന പേരിനെ ലോകരാജ്യങ്ങൾക്കിടയിൽ പരിചയപ്പെടുത്തൻ നമുക്ക് സാധിച്ചതാണ് പ്രധാനവും പ്രഥമവുമായ നേട്ടമായി അദ്ദേഹം പറയുന്നു. ഭാരതം എന്ന് പേരിന് വലിയ പ്രചാരമാണ് നൽകിയതെന്നും ഇത് ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടി നടന്ന സെന്ററിന്റെ പേര് തന്നെ ഭാരത് മണ്ഡപം എന്നാണ്. ലോക നേതാക്കളെ അത്താഴ വിരുന്നിന് ക്ഷണിച്ചപ്പോൾ ക്ഷണക്കത്തിൽ എഴുതിയിരുന്നത് ഭാരതത്തിന്റെ രാഷ്‌ട്രപതി എന്നാണ്. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ക്ഷണക്കത്ത് അച്ചടിച്ച് നൽകുന്നത്. ഭാരത് എന്ന പേര് നമ്മുടെ തനതായ പേരാണ്. ചരിത്രാതീത കാലം മുതൽ ഈ ഭൂപ്രദേശം അറിയപ്പെടുന്നത് ഭാരതമെന്നാണ്. ഉച്ചകോടിയിൽ വ്യാപകമായി ഇത് എത്തിക്കാൻ നമുക്ക് സാധിച്ചു.
ഇന്ത്യ- വെസ്റ്റ് ഏഷ്യ യുറോപ്പ് സാമ്പത്തിക ഇടനാഴി കൊണ്ടുവന്നു എന്നതാണ് രണ്ടാമത്തെ നേട്ടം. ഇത് വാണിജ്യ മേഖലയ്‌ക്ക് വൻ നേട്ടമാണ് ഉണ്ടാകാൻ പോകുന്നത്. പ്രകൃതിക്ക് ഇണങ്ങുന്ന ചരക്ക് നീക്കം സാധ്യമാകുമെന്നതും ശ്രദ്ധേയമാണ്. കൊച്ചി കോയമ്പത്തൂർ ഇടനാഴി എന്നത് പോലെ ഇന്ത്യയിൽ നിന്നും യൂറോപ്പ് വരെ പോകുന്ന സാമ്പത്തിക ഇടനാഴി വരുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ആഗോള ഹരിതോർജ്ജ സഖ്യമാണ് മറ്റൊരു നേട്ടം. ഇത് വഴി കൃഷി കഴിഞ്ഞുള്ള അവശിഷ്ടങ്ങളും മറ്റും ഇനിമുതൽ നമുക്ക് ഉർജ്ജ ഉത്പാദനത്തിന് ഉപകരിക്കുമെന്നതാണ് നേട്ടം. ഇവ എത്തനോൾ ഉത്പാദനത്തിനായി ഉപയോഗിക്കാൻ വഴിയൊരുക്കും. ഇത് കർഷക മേഖലയ്‌ക്ക് അടക്കം വലിയ ഉയർച്ച നൽകാൻ ഉതകുമെന്നതും ഇതിന്റെ നേട്ടമായാണ് വിലയിരുത്തുന്നത്. സാധാരണക്കാർക്ക് വലിയ തോതിൽ ഗുണമാകും ഇത്.
ഇന്ത്യയിലെത്തിയ വിവിധ രാഷ്‌ട്ര തലവന്മാരുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ വഴി വൻ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. പ്രതിരോധ സാങ്കേതിക കാര്യങ്ങളിൽ അമേരിക്കയുമായും മുംബൈ – അഹമ്മാദാബാദ് റെയിൽ കോറിഡോറിനായി ജപ്പാൻ നിക്ഷേപം നടത്തും. ഇത്തരത്തിൽ 14 രാജ്യങ്ങളുമായാണ് ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. ഇതെല്ലാം ഇന്ത്യയ്‌ക്ക് വൻ നേട്ടങ്ങൾ നൽകും.
ഇന്ത്യ നടത്തിയ ഉച്ചകോടിയിൽ ഒരു സുരക്ഷ വീഴ്ചകളും ഉണ്ടായില്ല എന്നതാണ് മറ്റൊരു നേട്ടം. ഇത് ഇന്ത്യയുടെ യശസ്സ് ഉയർത്താൻ പ്രയോജനം ചെയ്തു. ഇത്തരം ഉച്ചകോടികൾ നടത്താൻ ഇന്നത്തെ ഭാരതത്തിന് സാധിക്കുമെന്ന് നമ്മൾ തെളിയിച്ചെന്നും അദ്ദേഹം പറയുന്നു.
Comments