മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും നിപ ജാഗ്രതാ നിർദ്ദേശം. മഞ്ചേരിയിൽ പനിയും രോഗ ലക്ഷണങ്ങളുമടങ്ങിയ ഒരാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു. പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാളാണ് നിരീക്ഷണത്തിലുളളത്. നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിപ രോഗബാധ കാരണം കണ്ടെയ്ൻമെന്റ് മേഖലയിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു. കണ്ടെയ്ൻമെന്റ് മേഖലയിലെ താമസക്കാരായ വിദ്യാർത്ഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
അതേസമയം, നിപ വൈറസിനെ പ്രതിരോധിക്കാനായി വയനാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയത്. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വയനാട് ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൺട്രോൾ റൂം നമ്പർ :04935240390
Comments