കോഴിക്കോട്: ആരോഗ്യ പ്രവർത്തകനും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 24-ലുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് പേരാണ് നിപ ബാധിച്ച് ചികിത്സയിലുളളത്. നിപ ബാധിച്ച് ആദ്യം മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇയാൾ.
അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. നിരീക്ഷണത്തിലേക്ക് മാറ്റിയ ഇരുവരുടെയും സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 706 ആയി ഉയർന്നു. 30-ാം തീയതി മരിച്ചയാളുടെ മാത്രം സമ്പർക്കപ്പട്ടികയിൽ 371 പേരുണ്ട്. 11-ാം തീയതി മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിൽ 201 പേരാണുള്ളത്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്. അതിനിടെ, നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്തിറക്കി.
Comments