വയനാട്: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വയനാട് സുൽത്താൻബത്തേരി സ്വദേശി അജയൻ (43) നാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോട് കൂടിയായിരുന്നു ഇയാൾ ആത്മഹത്യ ചെയ്തത്. ലോട്ടറി തൊഴിലാളിയായ അജയൻ സാമ്പത്തിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടിയപ്പോഴാണ് ഓൺലൈൻ ആപ്പുകളുടെ സഹായം തേടിയത്. 5000 രൂപയാണ് ഓൺലൈൻ ആപ്പിൽ നിന്ന് അജയൻ കടം വാങ്ങിയത്.
കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ലോൺ ആപ്പുകാർ അജയന്റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.
അജയന്റെ സുഹൃത്തുക്കളുടെ ഫോണിലേക്കാണ് ഭാര്യയുടെ ചിത്രങ്ങൾ ഇത്തരത്തിൽ ലോൺ ആപ്പുകാർ അയച്ചത്. ഇതിൽ മനംനൊന്താണ് അജയൻ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണ, ഭീഷണി , ഐടി വകുപ്പ് പ്രകാരം ലോൺ ആപ്പിനെതിരെ പോലീസ് കേസെടുക്കും. സൈബർ സെല്ലിന്റെ പ്രാഥമിക പരിശോധനയിൽ അജയന് ലോൺ ആപ്പുകാരുടെ ഭീഷണിയുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Comments