നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് കമന്റ് ഇട്ട വ്യക്തി ക്ഷമ ചോദിച്ച് രംഗത്ത്. സംഭവം വലിയ വിവാദമായതോടെയാണ് മനാഫ് കുണ്ടൂർ എന്ന വ്യക്തി ഇപ്പോൾ ക്ഷമ പറഞ്ഞിരിക്കുന്നത്. ‘എന്റെ കമന്റ് മതവികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദിക്കുന്നു. തമാശയ്‌ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്. അങ്ങയുടെ വികാരവും വിഷമവും ഞാൻ മനസ്സിലാക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പോടെ, ഒരിക്കൽ കൂടി സോറി.’-എന്നാണ് മനാഫ് കമന്റ് ചെയ്തിരിക്കുന്നത്. ചിൽ’ എന്നാണ് താരം കമന്റിന് മറുപടി നൽകിയത്.
പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തി മനാഫ് കമന്റ് ചെയ്തത്. എന്നാൽ ഉണ്ണി മുകുന്ദൻ ഈ കമന്റിന് പ്രതികരിച്ച് രംഗത്തുവന്നു. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ – എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.
താരത്തെ പിന്തുണച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഉണ്ണി വളരെ കൃത്യമായും വ്യക്തമായും പ്രതികരിച്ചു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. വാർത്താ-സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ഈ വിഷയം വലിയ ചർച്ചയായിരുന്നു.
അതേസമയം ജയ് ഗണേഷ് എന്ന് പേരിട്ട പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഒറ്റപ്പാലത്തെ ഗണേശോത്സവ പരിപാടിക്കിടയിലായിരുന്നു നടൻ നടത്തിയത്. വേദിയിൽ വച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു താരം. ഹൈന്ദവ വിശ്വാസങ്ങളെ മനഃപൂർവ്വം അവഹേളിക്കുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ജയ് ഗണേഷിന്റെ പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്.തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്നും അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ലെന്നും സിനിമ പ്രഖ്യാപന വേളയിൽ ഉണ്ണി വ്യക്തമാക്കിയിരുന്നു. രഞ്ജിത് ശങ്കറാണ് ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത്.
Comments