ന്യൂഡല്‍ഹി: ലോകസഭാ-നിയമാസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ആദ്യ അവലോകന യോഗം സെപ്റ്റംബര്‍ 23-ന് നടക്കും. സമിതിയുടെ അദ്ധ്യക്ഷനായ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് വിവരം അറിയിച്ചത്. ഭുവനേശ്വറില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിരവധി വെല്ലുവിളികളാണ് രാജ്യം അഭിമുഖീകരിക്കേണ്ടി വരിക. തൂക്ക് അസംബ്ലി, അവിശ്വാസ പ്രമേയം, സുരക്ഷാ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സമിതി വിശദമായി പഠിക്കും. കമ്മിറ്റിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്തംബര്‍ 6-ന് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്നിരുന്നു. യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളും പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്‌സഭാ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ് എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി,കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.
1967 വരെയും അസംബ്ലികളിലും ലോക്സഭയിലും ഒറ്റ തിരഞ്ഞെടുപ്പാണ് ഉണ്ടായിരുന്നത്. 1968 -ഓടെ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വന്ന രാഷ്‌ട്രീയ സാഹചര്യം ആണ് ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാക്കിയത്.















