തൃശൂർ: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ കാർഷിക സർവകലാശാല. പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുമാണ് 40 കോടി രൂപ വായ്പ എടുക്കുക. ഇതിനായി പ്രോചാൻസലറായ കൃഷിമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സർവകലാശാല വിസിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പുതിയ ഡിപ്ലോമ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്‌സുകൾ എന്നിവ ആരംഭിക്കാനും പല ഇനത്തിൽ കുടിശ്ശികയായ പണം കൊടുത്തുതീർക്കാനുമാണ് കാർഷിക സർവകലാശാല 40 കോടി രൂപ വായ്പ എടുക്കുന്നത്. സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഈടുവെച്ച് ബാങ്കിൽ നിന്ന് വായ്പ എടുക്കാനാണ് ശ്രമം. ഭരണ സമിതി ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ദേശസാൽകൃത ബാങ്കുകളിലോ കേരളാ ബാങ്കിൽ നിന്നോ ആവണം വായ്പ എടുക്കേണ്ടത്. ഇതു സംബന്ധിച്ച് വിസിക്ക് തീരുമാനമെടുക്കാം. പ്രോചാൻസലറായ കൃഷി വകുപ്പ് മന്ത്രിയുമായി ആലോചിച്ച് നടപടികൾസ്വീകരിക്കാൻ നിർദേശിക്കുന്ന ഉത്തരവ് 14ാം തീയതി റജിസ്ട്രാർ പുറത്തിറക്കി. പുതിയ ഡിപ്ലോമ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്‌സുകൾ എന്നിവ ഉയർന്ന ഫീസ് നിരക്കിലാണ് ആരംഭിക്കാൻ ഭരണസമിതി ശുപാർശ ചെയ്തിട്ടുള്ളത്. കൂടാതെ എൻആർഐ, ഇന്റർനാഷണൽ സീറ്റുകൾ എന്നിവക്കും ഉയർന്ന ഫീസ് ഈടാക്കാം. ഇതിനായി സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്യാനായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഈ തീരുമാനങ്ങളും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്ന് വ്യക്തം.
സർവകലാശാല എങ്ങനെ വായ്പ തിരിച്ചടക്കും എന്നതിനെ കുറിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ഇടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഒല്ലൂർ എംഎൽഎയായ മന്ത്രി കെ.രാജൻ സർവകലാശാലയുടെ ഭരണ സമിതി അംഗമാണ്. കൃഷിമന്ത്രി പി.പ്രസാദ് സർവകലാശാല ഭരണത്തിൽ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്ന പരാതിയും ഉണ്ട്. വിസിയുടെ ചുമതല വഹിക്കുന്ന ഡോ.ബി അശോക് കൃഷിവകുപ്പ് സെക്രട്ടറിയും അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മിഷണറുമാണ്. നാലുവർഷമായി പുനസംഘടിപ്പിക്കാത്ത ഭരണസമിതിയാണ് വിവാദ തീരുമാനമെടുത്തിരിക്കുന്നത്.
Comments