ആക്ഷൻ ഹീറോ പരിവേഷത്തിൽ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ. എന്നാൽ മേപ്പടിയാൻ, ഷെഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളൊക്കെ ഉണ്ണി മുകുന്ദനിലെ യഥാർത്ഥ അഭിനേതാവിനെയാണ് കൂടുതൽ ഫോക്കസ് ചെയ്തത്. നിലവിൽ താരത്തിന്റെ ആക്ഷൻ ഹീറോ വേഷത്തിനായി നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. വൈശാഖിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ചിരുന്ന ബ്രൂസ് ലീ എന്നത് ഇത്തരത്തിലൊരു ചിത്രമായിരുന്നു. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഉണ്ണിമുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലെത്തുന്ന തന്റെ പുതിയ ചിത്രം ജയ് ഗണേഷുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ഉണ്ണി ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇതിന് താഴെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ബ്രൂസ് ലീ ഉപേക്ഷിച്ചതായി ഉണ്ണി അറിയിച്ചത്.
ബ്രൂസ് ലീ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി നൽകിയത് ഇങ്ങനെയാണ്. “അതേ സുഹൃത്തേ. ദൗർഭാഗ്യവശാൽ ചില ക്രിയേറ്റീവ് തടസ്സങ്ങൾ കാരണം ബ്രൂസ് ലീ എന്ന ചിത്രം തൽക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. എന്നാൽ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷൻ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ഡിമാൻഡ് ചെയ്യുന്നത് അതനുസരിച്ചാവും ആ ചിത്രം”. എന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. മാത്രമല്ല പൂർണ്ണമായും ആക്ഷൻ സിനിമയ്‌ക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞ ആരാധകനോട് അടുത്ത വർഷം ഒരു ആക്ഷൻ ചിത്രം വരുമെന്നും ഉണ്ണി വാഗ്ദാനം നൽകുന്നുണ്ട്.
Comments