ശ്രീനഗർ: അനന്ത്‌നാഗിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി. ജവാൻ പ്രദീപ് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അനന്ത്‌നാഗിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി.
സെപ്റ്റംബർ 13-ന് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് ജവാൻ പ്രദീപ് സിംഗിനെ കാണാതാവുന്നത്. കഴിഞ്ഞ ദിവസം കോക്കർനാഗിലെ വനത്തിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെടുത്തത്. കൂടുതൽ നടപടിക്രമങ്ങൾക്കായി ജവാന്റെ ഭൗതികദേഹം ശ്രീനഗറിലേക്ക് കൊണ്ടുപോകുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചാബിലെ പട്ടിയാലയിൽ നിന്നുമുള്ള 27-കാരനായ പ്രദീപ് സിംഗ് 19 രാഷ്‌ട്രീയ റൈഫിളിന്റെ ഉദ്യോഗസ്ഥനാണ്. ഏഴുവർഷം മുമ്പാണ് അദ്ദേഹം സൈന്യത്തിൽ ചേരുന്നത്. പ്രദീപ് സിംഗ് വിവാഹിതനാണ്
കഴിഞ്ഞ 6 ദിവസങ്ങളിലായി ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ 19 രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു.















