വളരെ മനോഹരമായ നിരവധി റെയിൽവേ സ്റ്റേഷനുകൾ കേരളത്തിലുണ്ട്. ഒരിക്കലെങ്കിലും പോകണം എന്ന് തോന്നിയിട്ടുള്ള നിരവധി സ്റ്റേഷനുകളാണ് നമ്മുടെ നാട്ടിലുള്ളത്. ഈക്കൂട്ടത്തിൽ മലയാളികൾക്ക് സുപരിചിതമായ ഒരു റെയിൽവേ സ്റ്റേഷനാണ് മുതലമട. പ്രിയദർശൻ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടതായി മാറിയ മുതലമട സ്റ്റേഷൻ ഇപ്പോഴും സിനിമകളിൽ സജീവമാണ്. ഏറെ നാളുകൾക്ക് ശേഷം മുതലമട റെയിൽവേ സ്റ്റേഷൻ വീണ്ടും ശ്രദ്ധേയമായത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയായിരുന്നു. ഹൃദയം ഹിറ്റായതോടെ മുതലമടയിലേയക്കുള്ള യാത്രക്കാരുടെ എണ്ണവും കൂടി തുടങ്ങി.
കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ-സീരിയൽ നിർമാതാക്കളുടെയും പ്രിയങ്കരമായ ലൊക്കേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ. പ്ലാറ്റുഫോമുകൾക്ക് നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകർഷണം. മുതലമട കാമ്പ്രത്തുചള്ള നാൽക്കവലയിൽ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ സ്ഥലം കാണാം.
ഹൃദയം സിനിമയ്ക്ക് ശേഷമാണ് മുതലമട സ്റ്റേഷൻ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇതോടെ നിരവധി പേർ ഇവിടേയ്ക്ക് എത്താൻ തുടങ്ങി. എന്നാൽ ഈ ഓണക്കാലത്ത് മുതലമടയിൽ എത്തിയവർക്ക് നിരാശയായിരുന്നു ഫലം. കാരണം മുതലമട സ്റ്റേഷനകത്തേക്ക് യാത്രക്കാരെ അല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കുകയില്ലെന്ന് തീരുമാനമാണ് റെയിൽവേ അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലേക്ക് കടക്കുന്ന കവാടം പൂട്ടിയിട്ടിരിക്കുകയാണ്. അതിനാൽ വിനോദ സഞ്ചാരികൾക്ക് മുതലമട സ്റ്റേഷനുള്ളിലേക്ക് പ്രവേശനമില്ല. ഇനി പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്ത് കയറാമെന്ന് വിചാരിച്ചാലും രക്ഷയില്ല. യാത്രക്കാർക്ക് അല്ലാതെ മറ്റാരെയും സ്റ്റേഷനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കില്ല. ഇതിനുള്ള കാരണവും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
മുതലമട സ്റ്റേഷനിലൂടെ കടന്നുപോകുന്ന റെയിൽപ്പാത വൈദ്യുതീകരിച്ചതാണ്. ഇവിടെ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും ആൽമരത്തിലെ വള്ളികളിൽ പിടിച്ചുതൂങ്ങി റീൽസുകളും വീഡിയോകളും ചിത്രീകരിക്കുമായിരുന്നു. ഇതിനിടെ വൈദ്യുതി ലൈനിൽ തട്ടി നിരവധി പേർക്ക് ഷോക്കേൽക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതുകൂടാതെ, സ്റ്റേഷന്റെ ദൃശ്യങ്ങൾ ഉയരത്തിൽ നിന്ന് പകർത്താനായി ക്യാമറയുമായി സഞ്ചാരികൾ വൈദ്യുത പോസ്റ്റിൽ വലിഞ്ഞ് കയറുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുതലമട സ്റ്റേഷന്റെ ഗേറ്റിന് അധികൃതർ താഴിട്ടത്.
മുതലമട റെയിൽവേ സ്റ്റേഷൻ വഴി മൂന്ന് ട്രെയിനുകളാണ് കടന്നുപോകുന്നത്. ഇതിൽ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസിനും പാലക്കാട്-ചെന്നൈ എക്സ്പ്രസിനും മുതലമടയിൽ സ്റ്റോപ്പ് ഇല്ല. സ്റ്റോപ്പുള്ളത് പാലക്കാട്-തിരുച്ചെന്തൂർ പാസഞ്ചറിന് മാത്രമാണ്. ഈ വണ്ടി പാലക്കാട്ടുനിന്ന് പുറപ്പെട്ട് രാവിലെ 6.40-നാണ് മുതലമടയിൽ എത്തുന്നത്. തിരുച്ചെന്തൂരിൽ നിന്ന് വരുമ്പോൾ രാത്രി 8.25-നും എത്തും. ഈ രണ്ടുസമയം മാത്രമേ റെയിൽവേ സ്റ്റേഷനുള്ളിലേയ്ക്ക് യാത്രക്കാർക്ക് പ്രവേശനമുള്ളു. ഈ സമയം സഞ്ചാരികൾക്ക് അനുയോജ്യവുമല്ല.
മണിരത്നം, പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ നിരവധി സിനിമകൾ ചിത്രീകരിച്ച ലൊക്കേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ. മോഹൻലാലും ശിവാജി ഗണേശനും അഭിനയിച്ച ‘ഒരു യാത്രാമൊഴി’ എന്ന സിനിമയിലെ ക്ലൈമാക്സ് സീൻ ഇവിടെയാണ് ചിത്രീകരിച്ചത്. അൻപേശിവം, പാണ്ടിപ്പട, മേഘം, വെട്ടം തുടങ്ങി ഏകദേശം മുപ്പത്തി അഞ്ചോളം സിനിമകൾ ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള പത്ത് റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായും ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് 1898ലാണ് മുതലമട റെയിൽവേ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്. അന്ന് മധുര ഡിവിഷന്റെ കീഴിലായിരുന്നു ഈ സ്റ്റേഷൻ. വാൽപ്പാറ, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ മലനിരകൾ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലത്ത് തോട്ടം മേഖലയായ ഇവിടേക്ക് തൊഴിലാളികളെ എത്തിക്കാനും ചരക്കുകൾ ചെന്നൈയിലേക്ക് എത്തിച്ച് കച്ചവടം ചെയ്യാനും പ്രധാനമായി ആശ്രയിച്ചിരുന്നത് ഈ റെയിൽവേ സ്റ്റേഷനെയാണ്. 2015ൽ മുതലമട റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ആൽമരങ്ങൾ മുറിച്ചുമാറ്റാൻ ശ്രമം നടപ്പോൾ വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുണ്ടായത്.
Comments