ഐഫോൺ 15-ന്റെ പ്രഖ്യാപനം മുതൽ ഇത് സംബന്ധിച്ച വിവരങ്ങളും ട്രോളുകളും സമൂഹമാദ്ധ്യമത്തിൽ നിറയുന്നുണ്ട്. ഫോണിന്റെ ഓരോ അപ്‌ഡേറ്റുകളും ഐഫോൺ പ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.എന്നാൽ ഐഫോൺ 14 സീരിസുകളെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ പുതിയ മോഡലിനില്ല എന്ന വാർത്തകളും പുറത്ത് വന്നിരുന്നു. പുതിയ ചിപ് അവതരിപ്പിച്ചു എന്നത് പോലുള്ള ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ചാൽ മുൻ സീരിസുകളെ അപേക്ഷിച്ച് മാറ്റങ്ങളൊന്നുമില്ല എന്ന വാദങ്ങളും ഉയർന്നിരുന്നു.
പ്രോമോഡലുകൾ ഉൾപ്പെടെയുള്ള പുതിയ സീരിസിന്റെ പ്രത്യേകതകൾ ഇതിനകം തന്നെ ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ ഉപയോക്തക്കൾക്ക് വൻ ലാഭം നൽകുന്ന ഒരു മാറ്റം പുതിയ ഐഫോൺ പ്രോ മോഡലുകളിൽ അടങ്ങിയിട്ടുണ്ട് എന്നാണ് ആപ്പിളിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 15 പ്രോ മോഡലുകളുടെ റിയർ ഗ്ലാസ് റീപ്ലേസ്‌മെന്റ് നിരക്ക് മറ്റ് മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറഞ്ഞുവെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ആപ്പിൾ ഫോൺ വാങ്ങുന്നതിന് പുറമേ ഇവയുടെ റിപ്പയറിംഗിനും വൻ തുക ചെലവഴിക്കേണ്ടതായി വരാറുണ്ട്. ഇവയുടെ പാർട്‌സുകൾക്ക് ഉൾപ്പെടെ ഉയർന്ന വിലയാണുള്ളത്.
എന്നാൽ ഐഫോൺ 15 സീരിസിൽ ഇതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയുടെ ഇന്ത്യയിലെ ചെലവ് കുറഞ്ഞ അറ്റകുറ്റപ്പണികൾക്കായി ആപ്പിൾ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു എന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് ഐഫോൺ 15 പ്രോ മോഡലുകളുടെ റിയർഗ്ലാസ് റീപ്ലേസ്‌മെന്റ് ചെലവ് വൻതോതിൽ കുറയും. ഐഫോൺ 15 പ്രോ റിയർഗ്ലാസ് മാറ്റിസ്ഥാപിക്കുന്നതിന് 14,900 രൂപയാണ് ചിലവാക്കേണ്ടത്. ഐഫോൺ 15 പ്രോ മാക്‌സ് റിയർ ഗ്ലാസ് മാറ്റിസ്ഥാപിക്കുന്നതിന് 16,900 രൂപയും നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
Comments