ഇസ്ലാമാബാദ്: പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. പാക് ഇലക്ഷൻ കമ്മീഷനെ അധികരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജനുവരി അവസാന ആഴ്ചയോടെ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് തീയതി അറിയിച്ചിട്ടില്ല. പാക് പ്രസിഡന്റ് ആരിഫ് ആൽവി മുൻപ് നവംബർ ആറിന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ തിരുമാനത്തിന് മാറ്റം വന്നു.
മണ്ഡലങ്ങളുടെ പുതുക്കിയ ലിസ്റ്റ് തയ്യാറാക്കുകയാണെന്നും സെപ്റ്റംബർ 27-ഓടെ പുതുക്കിയ ലിസ്റ്റ് പുറത്തിറക്കുമെന്നും ഇലക്ഷൻ കമ്മീഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നതായാണ് റിപ്പോർട്ട്. ഇതിന്മേലുള്ള ചർചകൾക്ക് ശേഷം അന്തിമ ലിസ്റ്റ് പുറത്തിറക്കുമെന്ന്് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 54 ദിവസമാണ് രാഷ്‌ട്രീയ പാർട്ടികൾക്ക് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ചു ദിവസമായി കാവൽ പ്രധാനമന്ത്രിയാണ് പാകിസ്താനിൽ ഭരണംനടത്തുന്നത്.
രാഷ്‌ട്രീയ അസ്ഥിരത അനുഭവപ്പെടുന്ന പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി എത്തിയതോടെ രാജ്യം പരുങ്ങലലിലായി. സംജാതമായ പ്രതിസന്ധിയെ മറികടക്കാനായി സർക്കാർ തലത്തിൽ നടത്തി പല ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ നിർബന്ധിതരായാത്.