ഹൈദരാബാദ്: ഹിന്ദുസമുദായത്തോടും ഹിന്ദു ആചാരങ്ങളോടുമുള്ള ബഹുമാനാർത്ഥം വിനായക ചതുർത്ഥി ആഘോഷിച്ച് ഹൈദരാബാദിലെ മുസ്ലീം യുവാവും സംഘവും. രാം നഗർ സ്വദേശിയായ മുഹമ്മദ് സിദ്ദിഖ് ആണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഭീമൻ ഗണേശ വിഗ്രഹവും അദ്ദേഹം സ്ഥാപിച്ചു. കഴിഞ്ഞ 18 വർഷമായി താനിത് തുടരുന്നതാണെന്നും മുഹമ്മദ് സിദ്ദിഖ് പറഞ്ഞു.
മുസ്ലീം, സിഖ്, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട എല്ലാവരും താമസിക്കുന്ന പ്രദേശമാണ് ഇവിടെ. എല്ലാ സമുദായങ്ങളുടെയും വിശേഷ ദിവസങ്ങൾ ഇവിടെ എല്ലാവരും ആഘോഷിക്കുകയും അതിൽ പങ്കാളികളാകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ 18 വർഷമായി വിനായക ചതുർത്ഥി ആഡംബരമായി കൊണ്ടാടാറുണ്ട്. എന്റെ ഹിന്ദു സുഹൃത്തുക്കളും ഇതിൽ പങ്കാളികളാകും. നിമജ്ജനം വരെ എല്ലാം ആഘോഷപൂർവ്വമാണ് നടക്കാറുള്ളത്. അതിന് മുന്നോടിയായി ഒമ്പത് ദിവസം പൂജയും നടക്കാറുണ്ടെന്നും മുഹമ്മദ് സിദ്ദിഖും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തങ്ങളെല്ലാവരും കുട്ടിക്കാലം മുതൽ കൂട്ടുകാരാണ്. ഈ സുഹൃദ് ബന്ധമാണ് ജാതിമതവ്യത്യാസമില്ലാതെ എല്ലാ ചടങ്ങുകളും ആഘോഷിക്കാൻ കാരണമെന്നും അവർ കൂട്ടിച്ചേർത്തു.