ഇംഫാൽ: മണിപ്പൂരിൽ നടക്കുന്ന ഗോത്ര സംഘർഷം മുതലെടുത്തുകൊണ്ട് രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ പദ്ധതി ഇട്ടിരുന്ന തീവ്രവാദികളിൽ ഒരാൾ അറസ്റ്റിൽ. മ്യാൻമർ ആസ്ഥാനമായുള്ള വിമത ഗ്രൂപ്പുകളുമായി ബന്ധമുള്ള തീവ്രവാദിയെയാണ് മണിപ്പൂരിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊയ്‌രംഗ്‌തെം ആനന്ദ് സിംഗ് എന്ന ആളാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായിരിക്കുന്നത്.
പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്ക് കൊണ്ടുവന്നതായി എൻഐഎ അറിയിച്ചു. ജൂലൈ 19-നാണ് ഇയാൾക്കെതിരെ കേസെടുത്തത്. പോലീസിൽ നിന്നും കൊള്ളയടിച്ച ആയുധങ്ങൾ കൈവശം വച്ചതിന് മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരിൽ ഒരാളാണ് ആനന്ദ് സിംഗ്. സെപ്തംബർ 27 വരെ അഞ്ച് ദിവസത്തേക്കാണ് സിംഗിനെ എൻഐഎയ്‌ക്ക് കോടതി വിട്ടു നൽകിയത്.
മ്യാൻമർ ആസ്ഥാനമായുള്ള വിമത ഗ്രൂപ്പുകളും നിരോധിത ഭീകര സംഘടനകളും ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരെ മണിപ്പൂർ ഗോത്ര സംഘർഷത്തിന്റെ മറവിൽ അക്രമം അഴിച്ചു വിടാൻ ശ്രമം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി മണിപ്പൂരിൽ ഗ്രൗണ്ട് വർക്കർ (OGW), കേഡർ, അനുഭാവികളെ ഇത്തരം സംഘടനകൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു.















