ഭൂമിയെ രക്ഷിക്കാനായി ബെന്നുവെന്ന ഛിന്നഗ്രഹത്തിലേക്ക് അയച്ച പേടകം ഇന്ന് തിരികെ എത്തും. 2020-ൽ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമായ ഒസിരിസ്-റെക്സ് ബെന്നുവിന്റെ ഉപരിതലത്തിൽ ‘നൈറ്റിംങ് ഗേൽ’ എന്ന പ്രദേശത്ത് നിന്ന് മണ്ണും ചെറുപാറകളുമായി യൂട്ടോ മരുഭൂമിയിലാകും എത്തുക.
രാത്രിയോടെ പേടകം ഭൂമി തൊടുമെന്നാണ് വിവരം. രാത്രി 8.11-ന് അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന കാപ്സ്യൂൾ 8.25-ന് യൂട്ടോ മരുഭൂമിയിലെത്തും. ലക്ഷക്കണക്കിന് ദൂരം താണ്ടി, ബെന്നുവിൽ നിന്നുള്ള പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകൾ ഭൂമിയിൽ പതിക്കും. ഒസൈറിസ് റെക്സ് എന്ന പേടകത്തിൽ ഘടിപ്പിച്ചാണ് ഈ ക്യാപ്സ്യൂളിനെ വിക്ഷേപിച്ചത്. പ്രധാന പേടകത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ബെന്നുവിലെ ചെറു ശിലാഭാഗങ്ങളും മറ്റും ശേഖരിച്ച് ക്യാപ്സ്യൂളിനുള്ളിൽ അടച്ചാണ് ഭൂമിയിലേക്ക് യാത്ര പുറപ്പെട്ടത്. നാളെയാണ് ഏഴ് വർഷങ്ങൾ നീണ്ട ദൗത്യത്തിന്റെ സങ്കീർണമായ ഘട്ടം സംഭവിക്കുക.
ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്സൂളിലാണ് ഇവ എത്തുക. യൂട്ടോ മരുഭൂമിയിലേക്ക് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി ഇറക്കും. ബെന്നുവിൽ നിന്നുള്ള സാംപിളുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശാസ്ത്രഞ്ജർ അത് വേഗത്തിൽ വേർതിരിച്ചെടുക്കും. ഈ സാംപിളുകൾ ബെന്നു ഭൂമിയിൽ പതിക്കുന്നത് തടയാൻ വേണ്ടി മാത്രമല്ല ശേഖരിക്കുന്നത്. മറിച്ച് ഭൂമിയിലെ ജീവന്റെ ഉത്പത്തിയെക്കുറിച്ചു മനസിലാക്കുന്നതിന് കൂടി ഈ സാംപിളുകൾ സഹായിക്കുമെന്നാണ് കരുതുന്നത്.
പ്രധാന പേടകത്തിൽ നിന്ന് വേർപ്പെടുന്ന ക്യാപ്സ്യൂളിന്റെ ചരിവ് എങ്ങനയെന്ന് അനുസരിച്ചാകും ദൗത്യത്തിന്റെ വിജയം. ക്യാപ്സ്യൂളിന്റെ ചരിവ് കൂടുതലാണെങ്കിൽ അത് തെന്നിമാറി തിരിച്ചെടുക്കാൻ കഴിയാത്ത വിധം ശൂന്യാകാശത്തേക്ക് വഴിമാറിയേക്കാം. ചരിവ് കുറവാണെങ്കിൽ അത് അന്തരീക്ഷത്തിൽ കത്തിയമരും. ശരിയായ ചരിവിലാണ് ഇറങ്ങുന്നതെങ്കിലും അതിന്റെ വേഗം കാരണം തീഗോളമായാകും ക്യാപ്സ്യൂൾ അന്തരീക്ഷത്തിലൂടെ കടന്നുപോവുക. ഇതിനിടെ ഉണ്ടാകുന്ന ശക്തമായ ചൂടിനെ മറികടക്കാൻ കഴിയുന്ന തരത്തിലാണ് സാമ്പിളുകൾ സൂക്ഷിച്ചിട്ടുള്ളത്.















