പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ് തിരഞ്ഞെടുപ്പിന് പിന്നാലെ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്. ബാബര്‍ അസമിന്റെ ബാറ്റിംഗ് ശൈലിയെ നിശിതമായി വിമര്‍ശിച്ച താരം സല്‍മാന്‍ ആഗയെ ടീമിലെ മാലിന്യമെന്നാണ് വിശേഷിപ്പിച്ചത്.
‘ടി20 ക്രിക്കറ്റില്‍ എനിക്ക് ഇപ്പോഴും ബാബര്‍ അസമിനെതിരെ മെയ്ഡന്‍ ഓവര്‍ എറിയാനാകും. മികച്ച പന്തുകള്‍ അവന് നേരിടാനറിയില്ല. നമുക്കൊരു മികച്ച ചോയ്‌സ് ഇല്ലാത്തതുകൊണ്ടാണ് ബാബര്‍ ഇപ്പോഴും ക്യാപ്റ്റനായി തുടരുന്നത്. ഷാഹിദ് അഫ്രീദി മരുമകന്‍ കൂടിയായ ഷഹീനെ നായകനാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അതത്ര എളുപ്പമല്ല.
ബാബര്‍ രാജ്യത്തെ മികച്ച ബാറ്ററാണെങ്കിലും പവര്‍ പ്ലേയില്‍ അദ്ദേഹം നിരവധി ഡോട്ട് ബോളുകള്‍ കളിക്കും. റിസ്‌വാന് അത് അധിക സമ്മര്‍ദ്ദം നല്‍കും. പാകിസ്‌ന്റെ ഇപ്പോഴത്തെ പേസ് നിര ശരാശരി മാത്രമാണ്. പ്രത്യേകതളൊന്നുമില്ല- ആസിഫ് വ്യക്തമാക്കുന്നു.
ആഗ സല്‍മാനെ ഞാനൊരു കളിക്കാരനായി കണക്കാക്കുന്നില്ല. സമയം കളയുന്നൊരു പാഴാണ് അദ്ദേഹം.സല്‍മാൻ നേടുന്നതിനേക്കാള്‍ റണ്‍സ് എനിക്ക് നേടാനാകും.ഹസന്‍ അലി ടീമിന്റെ ഭാഗമായത് പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റുമായുള്ള ബന്ധത്തിന്റെ പേരിലാണ്. അവന്‍ ബാബര്‍ അസമിനെയും മറ്റ് താരങ്ങളെയും വിഴങ്ങും- ആസിഫ് പറയുന്നു.