ഇടുക്കി: ജില്ലയിൽ വീണ്ടും പടയപ്പയുടെ ആക്രമണം. മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിലെ റേഷൻകടയാണ് പടയപ്പ തകർത്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ എസ്‌റ്റേറ്റിന് സമീപം പടയപ്പ എത്തിയ വിവരമറിഞ്ഞ തോട്ടം തൊഴിലാളികൾ അരിക്കട സംരക്ഷിക്കുന്നതിനായി മുൻകരുതലുകൾ സ്വീകരിച്ചു. എന്നാൽ പടയപ്പ പിൻവശത്തുകൂടി എത്തി കട തകർക്കുകയായിരുന്നു.
പടയപ്പ കട തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. നിരവധി തവണ എസ്റ്റേറ്റ് മേഖലയിൽ എത്തിയ പടയപ്പ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള അരിയും സമീപത്ത് തൊഴിലാളികൾ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിയടക്കം നശിപ്പിച്ചാണ് മടങ്ങിയിട്ടുള്ളത്. എന്നാൽ പടയപ്പ അക്രമകാരിയല്ലെന്നും തോട്ടം തൊഴിലാളികൾ പറയുന്നു.
തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും, കൃഷികളും നശിപ്പിക്കുന്നതിനെതിരെ വനംവകുപ്പ് നടപടിയെടുക്കണമെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ലോക്കാട് എസ്റ്റേറ്റിലെ അരിക്കടയിലും പടയപ്പ എത്തിയിരുന്നു. കട തകർത്ത് മൂന്ന് ചാക്ക് അരി ആന കഴിച്ചതായി സമീപവാസികൾ പറഞ്ഞു. ഏകദേശം ഒന്നരമാസത്തിന് ശേഷമാണ് പടയപ്പ ജനവാസ മേഖലയിൽ എത്തുന്നത്. നേരത്തെ മറയൂരിന് സമീപത്തെ ജനവാസമേഖലയിലായിരുന്നു പടയപ്പ.