നിത്യജീവിതത്തിൽ നമുക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളിലൊന്ന് ഉപയോഗിക്കുന്ന എണ്ണകളുടേത് കൂടിയാണ്. ഇതിൽ നിന്നെല്ലാം മോചനമെന്നോണം നമുക്ക് ഒലീവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്. ശരീരത്തിന് എല്ലാ അർത്ഥത്തിലും ആരോഗ്യപ്രദമായ എണ്ണയാണ് ഒലീവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസപദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. ജീവിതശൈലി കൊണ്ടുണ്ടാകുന്ന പല രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്.
ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യമായി ഒലീവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഡയറ്റിൽ നമുക്ക് ധൈര്യമായി ഉൾപ്പെടുത്താവുന്ന ഓയിൽ കൂടിയാണ് ഇത്. സാലഡുകൾ അധികമായി ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് ഓലീവ് ഓയിലിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാൽ അമിതമായി ഉപയോഗിക്കാനും പാടില്ല.
മാംസാഹാരങ്ങളും മത്സ്യവുമെല്ലാം വറുക്കാനും ഒലീവ് ഓയിൽ നല്ലതാണ്. ഇത് കൂടാതെ സാലഡുകൾക്കൊപ്പം ചേർത്തും കഴിക്കാവുന്നതാണ്. കൊഴുപ്പോ കൊളസ്‌ട്രോളോ തുടങ്ങിയ പ്രശ്‌നങ്ങളും ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ വരുന്നില്ല. കൂടാതെ ഇത് ഭക്ഷണത്തിനോടൊപ്പം വളരെ കുറച്ച് മാത്രം കഴിച്ചാൽ മതിയാകും.
ഓരോ വ്യക്തിയുടെയും പ്രായവും മറ്റ് ആരോഗ്യ സ്ഥിതിയും പരിഗണിച്ചാണ് ഒലിവ് ഓയിൽ ആഹാരത്തിൽ ചേർക്കേണ്ടത്. എന്നിരുന്നാലും ദിവസം 1 ടേബിൾസ്പൂൺ എന്ന അളവിൽ ഉപയോഗിക്കാം. ആളുകളുടെ ആരോഗ്യ സ്ഥിതിയും മറ്റ് ആക്ടിവിറ്റികളും കണക്കിലെടുത്ത് ദിവസം ഒന്ന് മുതൽ നാല് ടേബിൾസ്പൂൺ വരെ മാത്രമേ ഒലീവ് ഓയിൽ ഉപയോഗിക്കാവൂ.