ലക്നൗ: യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയായ അയോദ്ധ്യ വിമാനത്താവളം ഡിസംബറിൽ തുറക്കും. ‘മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം’ എന്നാണിത് അറിയപ്പെടുക. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. ഇതിനുശേഷം, യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ച് മറ്റ് നഗരങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കും.
അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് യോഗി സർക്കാർ. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഈ ഡിസംബറിൽ പുതിയ അയോദ്ധ്യ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ സർവീസ് ആരംഭിക്കും.
350 കോടി രൂപ ചെലവിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. വിമാനത്താവളത്തിന്റെ ബ്ലൂപ്രിന്റ് പുറത്തുവന്നിട്ടുണ്ട്. 6250 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ടെർമിനൽ കെട്ടിടം. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ 500 യാത്രക്കാരെ വരെ ഉൾകൊള്ളിക്കാൻ പുതിയ ഇടക്കാല ടെർമിനൽ കെട്ടിടത്തിന് കഴിയും. 2,200 മീറ്റർ റൺവേയും നാല് വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. “യാത്രക്കാരുടെ സൗകര്യങ്ങളിൽ 8 ചെക്ക്-ഇൻ-കൗണ്ടറുകൾ, 3 കൺവെയർ ബെൽറ്റുകൾ (ഡിപ്പാർച്ചറിൽ 1, അറൈവൽ ഹാളിൽ 2), 75 കാറുകൾക്കുള്ള കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടുന്നു. ജനുവരിക്ക് മുമ്പ് ഭക്തർക്ക് അയോദ്ധ്യയിൽ നിന്നുള്ള വിമാനത്തിൽ യാത്ര ചെയ്യാനാകുമെന്നാണ് വിമാനത്താവളത്തിന്റെ ഡയറക്ടർ പറഞ്ഞത്.
രണ്ടാം ഘട്ടത്തിൽ വിമാനത്താവളം അഞ്ചിരട്ടിയായി വികസിപ്പിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. 30,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പുതിയ ടെർമിനൽ കെട്ടിടമാണ് അടുത്തതായി പണിയുന്നത്. തിരക്കുള്ള സമയങ്ങളിൽ മൊത്തം 3,200 യാത്രക്കാർക്ക് സേവനം നൽകാൻ ഇത് പ്രാപ്തമാകും. രണ്ടാം ഘട്ടത്തിൽ റൺവേ 2,200 മീറ്ററിൽ നിന്ന് 3,125 മീറ്ററായി നീളും. എട്ട് എ-321 വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും. വിമാനത്താവളം പദ്ധതിയുടെ രണ്ടാം ഘട്ടം വളരെ വലുതായിരിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പരിസ്ഥിതി അനുമതിക്കായി കേന്ദ്രം കഴിഞ്ഞയാഴ്ച നീക്കം നടത്തിയിരുന്നു. പുതിയ വിമാനത്താവളത്തിനും വലിയ റൺവേയ്‌ക്കുമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.















