സൂര്യ കിരണങ്ങൾ ചന്ദ്രനിൽ പതിഞ്ഞതിന് ശേഷം ലാൻഡറും റോവറും വീണ്ടും ഉണരാനുള്ള കാത്തിരിപ്പിലാണ് ഏവരും. വരുന്ന 14 ദിവസങ്ങൾ നിർണായകമാണെന്ന് ശാസ്ത്രജഞർ സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ലഭിച്ച കോടിക്കണക്കിന് വിവരങ്ങൾ ഇപ്പോഴും വിശകലനം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഇവിടം കൊണ്ട് അവസാനിക്കുന്നതല്ല ദൗത്യമെന്ന് ഇസ്രോ മുൻ മേധാവി കെ. ശിവൻ വ്യക്തമാക്കി. കോടിക്കണക്കിന് വിവരങ്ങളാണ് ഇനിയും പഠനത്തിന് വിധേയമാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
മുൻപ് പദ്ധതിയിട്ടത് പ്രകാരം ചന്ദ്രയാൻ-3 പേടകത്തിന്റെ ദൗത്യം പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. ഇനി പേടകം ചെയ്യുന്നതെന്തും ബോണസ് ആണെന്നും കെ. ശിവൻ കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ ആദ്യത്തെ ചാന്ദ്രദൗത്യത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ ഇന്നും യുഎസ് ശാസ്ത്രജ്ഞർ പഠനത്തിന് വിധേയമാക്കുന്നു. 2008-ൽ ലഭിച്ച വിവരങ്ങൾ സംബന്ധിച്ച് ഇന്നും പഠനങ്ങൾ നടത്തുന്നുണ്ടെങ്കിൽ മൂന്നാം ദൗത്യത്തിൽ നിന്ന് തീർച്ചയായും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന ഉറപ്പും അദ്ദേഹം പ്രകടിപ്പിച്ചു.
വിക്രം ലാൻഡറും പ്രഗ്യൻ റോവറുമായുള്ള ബന്ധം സ്ഥാപിച്ച് ആശയവിനിമയം നടത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ചന്ദ്രോപരിത്തലത്തിൽ ചൂട് വർദ്ധിക്കുന്നതനുസരിച്ച് ഉപകരണങ്ങൾ പ്രവർത്തിക്കുമെന്ന വിലയിരുത്തലിലാണ് ഇസ്രോ. 14 ദിവസം നീണ്ടുനിന്ന പഠനങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ടാം തീയതിയാണ് റോവർ സ്ലീപ്പ് മേഡിലായത്, നാലാം തീയതിയാണ് ലാൻഡറിനെ സ്ലീപ്പിംഗ് മോഡിലേക്ക്ക സജ്ജമാക്കിയത്. ഉപകരണങ്ങളിലെ ബാറ്ററികൾ പൂർണതോതിൽ ചാർജ് ചെയ്തതിന് ശേഷമായിരുന്നു ഇരുവരെയും ഉറക്കിയത്. ഉപരിതലത്തിലെ മൈനസ് 200 ഡിഗ്രി തണുപ്പിനെ അതിജീവിച്ച് ഇരുവരും ഉണരുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.