ന്യൂയോർക്ക്: ചേരിചേരാ കാലഘട്ടത്തിൽ നിന്ന് ഭാരതം വിശ്വമിത്രമായി പരിണമിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ലോകത്തിന്റെ സുഹൃത്തായി ഇന്ത്യ ഇന്ന് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘വിശ്വാസം പുന:സ്ഥാപിക്കുക, ആഗോള ഐക്യദാർഢ്യം പുന: സ്ഥാപിക്കുക എന്ന യുഎൻ പൊതുസഭയുടെ ഈ പ്രമേയത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയാണ്. നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരമാണിത്. എല്ലാ രാജ്യങ്ങളുമായുമുള്ള സഹകരണം ശക്തമാക്കാനാണ് ഭാരതം ഇന്ന് ശ്രമിക്കുന്നത്. ജി20 അദ്ധ്യക്ഷസ്ഥാനം വഹിച്ചതോടെ 125 രാജ്യങ്ങളെ നേരിട്ട് കേൾക്കാനും അവരുടെ ആശങ്കകൾ മനസിലാക്കാനും സാധിച്ചു’.
‘യുഎസ്, ഇസ്രായേൽ, യുഎഇ, എന്നീ രാജ്യങ്ങളുടെ സാങ്കേതിക സഹകരണവും അടിസ്ഥാന സൗകര്യ പദ്ധതികളും ശക്തിപ്പെടുത്താൻ ഭാരതം ലക്ഷ്യമിടുകയാണ്. കൃത്യമായ ഉത്തരവാദിത്വ ബോധത്തോടെയാണ് ഭാരതം ജി20 യുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഞങ്ങളുടെ കാഴ്ചപ്പാട് എല്ലാവരിലും കേന്ദ്രബിന്ദുവായി നിലകൊണ്ടു. ഭാരതത്തിന്റെ നേതൃത്വത്തിലൂടെ ആഫ്രിക്കൻ യൂണിയനെ ജി 20യിൽ സ്ഥിരാംഗമാക്കി എന്നതും ശ്രദ്ധേയമായി. ഇത് പരിഷ്ക്കരണത്തിലെ സുപ്രധാന ചുവടുവയ്പ്പായിരുന്നു’.
‘ഭാരതം ഇന്ന് അമൃത് കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ലോകം ഉറ്റുനോക്കി. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് ഞങ്ങൾ മുൻഗണന നൽകി. ജനാധിപത്യത്തിന്റെ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്. നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും അടിസ്ഥാനപരമായതും ആധികാരികവുമായിരിക്കണം- ജയശങ്കർ പറഞ്ഞു.