ലക്നൗ : രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും അയോദ്ധ്യയിലെ സരയൂ നദിക്കരയിലെ അന്താരാഷ്‌ട്ര രാമകഥ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും . രാമജന്മഭൂമിയുമായി ബന്ധപ്പെട്ട നിയമപരവും രാഷ്‌ട്രീയവും നിയമപരവുമായ വശങ്ങളുടെ എല്ലാ അടയാളങ്ങളു മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അയോദ്ധ്യാ യാത്രകളുടെ വിശദാംശങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേക സെല്ലും രൂപീകരിക്കുമെന്ന് രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.
നടത്തിപ്പിനായി മ്യൂസിയം ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് നൽകിയിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച് വരികയാണെന്നും മിശ്ര പറഞ്ഞു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നടത്തിയ ഖനനത്തിലും, ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾക്കായി നടത്തിയ ഖനനത്തിലും അമൂല്യമായ വസ്തുക്കൾ പലതും കണ്ടെത്തി . വളരെ സുരക്ഷിതമായ രീതിയിലാണ് അവ സൂക്ഷിച്ചിരിക്കുന്നത്. ചിലത് കോടതിയുടെ ഉത്തരവിലൂടെയും ചിലത് ട്രസ്റ്റിലൂടെയും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.
എഎസ്‌ഐയുടെ അനുമതി ലഭിച്ച ശേഷം ഈ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. മ്യൂസിയത്തിൽ വ്യത്യസ്ത സെല്ലുകൾ ഉണ്ടാകും. ഖനനത്തിലും നിർമാണ പ്രവർത്തനങ്ങളിലും കണ്ടെത്തിയ വസ്തുക്കൾ സൂക്ഷിക്കുന്ന സെല്ലും ഉണ്ടാകും. 2019 ലെ സുപ്രീം കോടതിയുടെ തീരുമാനത്തോടെ അവസാനിച്ച നീണ്ട നിയമ, രാഷ്‌ട്രീയ, മത യാത്രയുടെ വിശദാംശങ്ങൾ അവതരിപ്പിക്കുന്ന രണ്ടാമത്തെ സെല്ലും ഉണ്ടാകും.
മ്യൂസിയത്തിലെ ഒരു സെല്ലിൽ രാമന്റെ വനയാത്രയും, വിവിധ ഭാഷകളിലെ രാമകഥകളും, മറ്റൊരു സെല്ലിൽ രാമന്റെ അന്താരാഷ്‌ട്ര പ്രാധാന്യവുമായി ബന്ധപ്പെട്ട കഥകളും പ്രദർശിപ്പിക്കുമെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. ക്ഷേത്രപരിസരത്ത് തന്നെ മ്യൂസിയം നിർമിക്കാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ഇത് പിന്നീട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.