എറണാകുളം: പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് യൂണിഫോം ധരിച്ച് സ്റ്റേഷനിലെത്തണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ. പുട്ട വിമലാദിത്യയുടെ സർക്കുലറാണ് വിവാദത്തിലായത്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾക്കാണ് സർക്കുലർ ലഭിച്ചത്. സർക്കുലറിന് പിന്നാലെ പ്രതിഷേധവുമായി പോലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് പ്രതിഷേധം അറിയിച്ചുകൊണ്ട് പോലിസ് ഉദ്യോഗസ്ഥർ പ്രത്യക്ഷപ്പെട്ടത്.
തൊപ്പിയും, ഷൂസും പഴയ സാധനങ്ങളും കൂട്ടിയിടുന്ന ഇടമായി പല സ്റ്റേഷനുകളുടെയും വിശ്രമമുറികൾ മാറിയെന്ന് സർക്കുലറിൽ പറയുന്നു. കൂടാതെ വിശ്രമ മുറികളുടെ ചിത്രങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 30-ന് മുമ്പായി എല്ലാ സ്റ്റേഷനുകളിലെയും വിശ്രമമുറികൾ വൃത്തിയാക്കി ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വീട്ടിൽ നിന്നും യൂണിഫോം ധരിച്ച് തന്നെ സ്റ്റേഷനിലെത്തണമെന്നും സർക്കുലറിൽ പരാമർശിക്കുന്നു. എന്നാൽ വീട്ടിൽ നിന്നും യൂണിഫോം ധരിച്ചെത്തുന്നതും മടങ്ങുന്നത് വരെ യൂണിഫോമിൽ തുടരുന്നതും ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാദം.
മഫ്തിയിൽ ചെയ്യേണ്ട ഡ്യൂട്ടികൾ കൂടുതലായി വരുന്നതിനാൽ സ്റ്റേഷനിൽ വെച്ച് തന്നെ വസ്ത്രം മാറേണ്ട സാഹചര്യം പലപ്പോഴും വരാറുണ്ടെന്ന് പോലീസുകാർ പറയുന്നു. പല സാഹചര്യങ്ങളും കൊണ്ട് തുടർച്ചയായി ജോലി ചെയ്യുമ്പോൾ യൂണിഫോം മാറ്റിയ ശേഷമായിരിക്കും പലപ്പോഴും റെസ്റ്റ് റൂമിൽ വിശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.