ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയുടെ കണ്ണിൽപ്പെടാതെ മറ്റൊരു രാജ്യത്തിന്റെ യുദ്ധക്കപ്പലിനോ അന്തർവാഹിനിയ്‌ക്കോ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്നുപോകാൻ സാധിക്കില്ലെന്ന് ക്യാപ്റ്റൻ അജയേന്ദ്ര കാന്ത് സിംഗ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവിക-ഗവേഷണ കപ്പലുകൾ അവരുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം.
ഇന്ത്യൻ നാവികസേനയുടെ ശ്രദ്ധയിൽപ്പെടാതെ മറ്റൊരു രാജ്യത്തിന്റെയും യുദ്ധക്കപ്പലുകൾക്കും ഇന്ത്യൻ സമുദ്ര മേഖലയിലൂടെ കടന്നുപോകാൻ സാധിക്കില്ല. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും നിരീക്ഷണം നടത്താൻ ഏത് സമയവും പി-8ഐ വിമാനങ്ങൾ സുസജ്ജമാണ്. പി-8ഐ വിമാനം സമുദ്ര നിരീക്ഷണത്തിനുള്ള ഒരു പ്രധാന ഉപാധിയാണെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗെയിം ചേഞ്ചർ എയർക്രാഫ്റ്റ് എന്നാണ് പി-8 ഐ വിമാനങ്ങൾ അറിയപ്പെടുന്നത്. ലഡാക്ക് സെക്ടറിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് അതിർത്തി മേഖലയിലേക്ക് പ്രത്യേക നിരീക്ഷണം നടത്താനായി പി-8 ഐ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ കഴിഞ്ഞ 10 വർഷത്തിനിടെ 44,000 മണിക്കൂറിലധികമാണ് പി-8 ഐ വിമാനം പ്രവർത്തിച്ചത്. അതിനാൽ ഇന്ത്യൻ സമുദ്ര മേഖലയുടെ കാവൽക്കാരൻ എന്നാണ് പി-8ഐ വിമാനം അറിയപ്പെടുന്നത്.