സ്‌ക്വാഷ് ടീം ഇനത്തിൽ പാകിസ്താനെ തകർത്ത് സ്വർണം സ്വന്തമാക്കിയതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സ്‌ക്വാഷ് താരങ്ങൾ. വാക്കുകൾക്ക് അതീതമാണ് സന്തോഷമെന്നാണ് അഭയ് പറഞ്ഞത്. തങ്ങളുടെ അദ്ധ്വാനവും ത്യാഗവും ഫലം കണ്ടെന്ന് താരം കൂട്ടിച്ചേർത്തു.
ത്രിവർണ പതാകയുമായി വേദിയിൽ കയറിയപ്പോഴും ദേശീയ ഗാനം ആലപിക്കുകയും ചെയ്ത നിമിഷത്തിൽ വികാരഭരിതനായിരുന്നുവെന്നാണ് മഹേഷ് പറഞ്ഞത്. സൗരവിന്റെ മികച്ച പ്രകടനമാണ് ടീമിനെ വിജയത്തിന് പിന്നിലെന്ന് മഹേഷ് പറഞ്ഞു. ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾ ഞങ്ങളിൽ സൃഷ്ടിച്ചത് വളരെ വലിയ സമ്മർദ്ദവും ഭാരവുമായിരുന്നു. എന്നാൽ പൂർണ തൃപ്തിയോടെയാകും ഞങ്ങൾ മടങ്ങുകയെന്ന് ക്യാപ്റ്റൻ സൗരവ് പറഞ്ഞു.
പാകിസ്താനെതിരെയായ സ്‌ക്വാഷ് ടീം ഇനത്തിലാണ് ഇന്ത്യൻ താരങ്ങൾ ചരിത്ര നേട്ടം കൈ വരിച്ചത്. പാകിസ്താനുമായി ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയാണ് താരങ്ങൾ ഫൈനലിൽ സ്വർണം ഇന്ത്യയ്‌ക്കായി സമ്മാനിച്ചത്. സൗരവ് ഘോഷാൽ, അഭയ് സിംഗ്, മഹേഷ് മോങ്കോങ്കർ എന്നിവരടങ്ങിയ സ്‌ക്വാഷ് ടീം പാകിസ്താനെ 2-1 നാണ് തോൽപ്പിച്ച് സ്വർണം സ്വന്തമാക്കിയത്.















