ലണ്ടൻ: ഖലിസ്ഥാൻ തീവ്രവാദികൾ സമീപകാലങ്ങളിൽ നടത്തിയ അക്രമ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുകെ സർക്കാരിന്റെ മുൻ ഉപദേഷ്ടാവ് കോളിൻ ബ്ലൂം. ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ പാശ്ചാത്യ സർക്കാരുകൾ മതിയായ നടപടി സ്വീകരിക്കാത്തതിനാലാണ് സ്ഥിതിഗതികൾ വഷളാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനഡ ഉയർത്തിയ ഇന്ത്യാവിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തിൽ എഎൻഐയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കോളിൻ ബ്ലൂം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഉപദേഷ്ടാവായിരുന്നു കോളിൻ ബ്ലൂം.
ഖലിസ്ഥാൻ അനുകൂലികളുടെ വളർച്ചയാണ് കാനഡയിൽ കാണാനാകുന്നത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനുമെല്ലാം എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാലത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതുവരെ മാത്രമാണെന്ന് കോളിൻ ബ്ലൂം ഓർമ്മിപ്പിച്ചു.
ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ട സംഭവം അഭിപ്രായ സ്വാതന്ത്ര്യം അതിരുകടന്നതിന്റെ ഉദാഹരണമാണ്. യുകെയിലെ ഭൂരിഭാഗം സിഖുകാരും തീവ്രവാദ ആശയങ്ങൾ പങ്കിടുന്നവരല്ല. എന്നാൽ തീവ്രവാദം വളർത്തുന്ന ചിലർ ഇക്കൂട്ടത്തിലുണ്ട്. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ അതിയായ ദുഃഖമുണ്ട്. ഇത്തരം തീവ്ര ആശയങ്ങൾ വളരുമ്പോഴാണ് പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. വർദ്ധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെ പാശ്ചാത്യ സർക്കാരുകൾ ഇതുവരെയും വേണ്ടവിധം കൈകാര്യം ചെയ്തിട്ടില്ല. അതിനാലാണ് യുകെയിലും ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ ഖലിസ്ഥാൻ തീവ്രവാദം വർദ്ധിച്ചുവരികയാണ്. ഇതിനെതിരെ യുകെയും യുഎസും മറ്റ് പാശ്ചാത്യ സർക്കാരുകളും നടപടി സ്വീകരിക്കണം. തീവ്രവാദ ഘടകങ്ങളുമായി യാതൊരു പങ്കുമില്ലാത്ത സിഖുകാരെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. തീവ്രവാദികൾക്കെതിരെ കൃത്യമായ നടപടിയും സ്വീകരിക്കണം. ചില ഖലിസ്ഥാൻ അനുകൂല സിഖ് ഗ്രൂപ്പുകൾ മനുഷ്യാവകാശ പ്രവർത്തനത്തിന്റെ മറവിൽ രാഷ്‌ട്രീയ സംഘടനകളുമായി കൂട്ടുപിടിച്ച് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കോളിൻ ബ്ലൂം പറഞ്ഞു.