ലഖ്‌നൗ: പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജന കർഷകർക്ക് വളരെയധികം ഗുണപ്രദമെന്ന് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ്. കൂടുതൽ കർഷകരിലേക്ക് പദ്ധതി എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കിസാൻ സമ്മാൻ നിധി കൂടുതൽ കർഷകരിലേക്കെത്തിക്കാൻ ആധാർ സീഡിംഗ്, ഇ-കെവൈസി ക്യാമ്പയിനുകൾ കർഷകർക്കിടയിൽ കൊണ്ടുവരാൻ തീരുമാനമായി.
ഒക്ടോബർ 15 വരെ ഇതിന്റെ ഭാഗമായി ക്യാമ്പയിനുകൾ സംഘടിപ്പിക്കും. അതേസമയം ഗ്രാമങ്ങളിലെ ഓരോ കർഷകരെയും കണ്ട് ആധാർ സീഡിംഗും ഇ-കെവൈസിയും പൂർത്തിയാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. ഇതിന്റെ ഭാഗമായി റാബി-ഗോഷ്ടി, കിസാൻ പാഠശാല എന്നിവിടങ്ങളിലും പ്രചാരണം നടക്കും.
പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജനയുടെ 15-ാം ഗഡ്ഡുവിനു മുമ്പായി അർഹതപ്പെട്ട എല്ലാ കർഷകരിലേക്കും സേവനമെത്തിക്കുകയെന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം. അർഹതപ്പെട്ട എല്ലാ കർഷകരുടെയും ബാങ്ക് അക്കൗണ്ടുകൾ ആധാർ സീഡിംഗ്, ഇ-കെവൈസി എന്നിവയുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.