ഇന്ന് ഒക്ടോബർ ഒന്ന്, ലോക സസ്യാഹാര ദിനം. ആഹാരപദാർത്ഥങ്ങളിൽ നിന്നും മാംസാഹാരങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ദിവസമാണിന്ന്. ലോകത്തെ ഭൂരിഭാഗം മനുഷ്യരും മിശ്രാഹാരം കഴിക്കുന്നവരാണെങ്കിലും കഴിഞ്ഞ ഏതാനും നാളുകളായി നിരവധി പേർ സസ്യാഹാര ശൈലി പിന്തുടരനായി ആരംഭിച്ചുവെന്നത് ശ്രദ്ധേയമാണ്. സമ്പൂർണമായി സസ്യാഹാരം കഴിക്കുന്ന വീഗൻ ഭക്ഷണരീതിക്കും പാലുത്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സസ്യാഹാര ശൈലിക്കും അടുത്തിടെ ആഗോള പ്രാധാന്യവും ലഭിക്കാൻ തുടങ്ങി. രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാനും സൗന്ദര്യം നിലനിർത്താനും ‘വീഗൻ’ വളരെ മികച്ച ഭക്ഷണ രീതിയാണ്. വെജിറ്റേറിയൻ/വീഗൻ ഭക്ഷണരീതിയെ പിന്തുണച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികളും രംഗത്തെത്തുന്നുണ്ട്.
2014ൽ അമിതാഭ് ബച്ചൻ ‘കോൻ ബനേഗാ ക്രോർ പതി’ എന്ന പരിപാടിക്കിടെയാണ് താൻ വെജിറ്റേറിയൻ ഭക്ഷണ രീതി തിരഞ്ഞടുത്ത കാര്യം പ്രേക്ഷകരോട് പങ്കുവച്ചത്. നോൺ-വെജിറ്റേറിയൻ ആഹാരം, മധുരപലഹാരങ്ങൾ എന്നിവ ഉപേക്ഷിച്ചുവെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
ബച്ചന് ശേഷം പഞ്ചാബിൽ നിന്നുള്ള ബോളിവുഡ് താരം സോനം കപൂർ താൻ വീഗനാണെന്ന് അറിയിച്ചു. പീറ്റാ അവാർഡ് ജേതാവായ നടി മൃഗങ്ങളോടുള്ള അനുകമ്പയെക്കുറിച്ച് വാചാലയായിരുന്നു. മാംസാഹാരി ആയിരുന്ന സോനം കപൂർ വെജിറ്റേറിയൻ തിരഞ്ഞെടുക്കുകയും വർഷങ്ങൾക്ക് ശേഷം വീഗനായി മാറുകയുമാണ് ചെയ്തത്.
നടൻ ഋതേഷ് ദേശ്മുഖ് ആണ് ഈ ശ്രേണിയിലെ അടുത്തയാൾ. ഭാര്യയും നടിയുമായ ജെനീലിയയുമായി ചേർന്ന് വീഗൻ ഉത്പന്നങ്ങളുടെ വ്യവസായത്തിലാണ് ഇപ്പോൾ താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജെനീലിയയും വീഗനാണ്.
നടൻ മാധവൻ ആദ്യകാലം മുതൽക്കെ വെജിറ്റേറിയൻ ശൈലി പിന്തുടരുന്ന വ്യക്തികളിലൊരാളാണ്.
49-ാം വയസിലും ബോളിവുഡിൽ തിളങ്ങുന്ന നടി മലൈകാ അറോറയും വീഗനാണ്. കഴിഞ്ഞ 2-3 വർഷത്തിനിടെയാണ് അവർ വീഗനായി മാറിയത്. ഇത് തന്റെ ശാരീരികക്ഷമതയ്‌ക്ക് ഏറെ സഹായിച്ചിട്ടുണ്ടെന്ന് നടി പറയുന്നു.
ആമിർ ഖാൻ, ജോൺ എബ്രഹാം, ഷാഹിദ് കപൂർ, കങ്കണ റണാവത്ത്, ആലിയ ഭട്ട് തുടങ്ങി എണ്ണമറ്റ താരങ്ങളും വെജിറ്റേറയനാണ്. 2013 വരെ വെജിറ്റേറയനായിരുന്ന കങ്കണ അതിന് ശേഷമാണ് വീഗനായി മാറിയത്. ആലിയയും വീഗനാണ്. പിതാവ് സമ്മാനിച്ച ഒരു പുസ്തകം വായിച്ചതിന് ശേഷമായിരുന്നു നടൻ ഷാഹിദ് കപൂർ വെജിറ്റേറിയനായി മാറിയത്. നടൻ ജോൺ എബ്രഹാം വർഷങ്ങളായി വെജിറ്റേറിയനാണ്. ഭാര്യ ഒരു വീഡിയോ കാണിച്ചുതന്നതിന് ശേഷമാണ് താൻ വെജിറ്റേറിയനായി മാറിയതെന്ന് ആമിർ ഖാനും വെളിപ്പെടുത്തിയിട്ടുണ്ട്.