കാസർകോട്: കുമ്പളയിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള, ശാന്തിപള്ള സ്വദേശി അബ്ദുൾ റഷീദ്(40) ആണ് മരിച്ചത്. ഐഎച്ച്‌ഐഡി കോളേജിനു സമീപം കുറ്റിക്കാട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നു പുലർച്ചെയാണ് മൃതദേഹം നാട്ടുകാർ കാണുന്നത്. മദ്യപിച്ച് സുഹൃത്തുക്കളുമായുണ്ടായ കലഹമാണ് കൊലയ്‌ക്കു പിന്നിലെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിരവധി കേസുകളിലെ പ്രതിയാണ് അബ്ദുൾ റഷീദ്. മധൂർ പട്ടയിലെ ഷൈൻ എന്ന ഷാനുവിനെ കൊന്ന് കിണറിൽ താഴ്‌ത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മറ്റു നിരവധി കേസുകളും ഇയാൾക്കെതിരെയുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതായും പോലീസ് അറിയിച്ചു.