ഇടുക്കി: നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞുള്ള അപകടത്തിൽ തൊഴിലാളികൾക്ക് പരിക്ക്. രാമക്കൽമേട് സ്വദേശികളായ എട്ട് തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. പുഷ്പകണ്ടത്തെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. ജിപ്പ് തോട്ടത്തിലേക്ക് മറിയാതെ റോഡിൽ തന്നെ നിന്നതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിൽ ഉണ്ടായിരുന്ന തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. എന്നാൽ ജീപ്പ് നിയന്ത്രണം വിട്ട് മറിയാനുള്ള കാരണം ഇനിയും വ്യക്തമല്ല.