അയോദ്ധ്യ: ഭഗവാൻ രാമൻ സഞ്ചരിച്ച പാതയിൽ അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 തൂണുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ മൗണ്ട് അബുവിൽ നിന്ന് അയോദ്ധ്യയിലെ കർസേവകപുരത്തേക്ക് ആദ്യത്തെ രാമസ്തംഭം എത്തിച്ചു. 15 അടി ഉയരവും 2.5 അടി വീതിയുമുള്ള ഈ തൂൺ അയോദ്ധ്യയിലെ മണിപർവതത്തിലാണ് സ്ഥാപിക്കുന്നത്. അശോക് സിംഗാൾ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഈ തൂണുകൾ സ്ഥാപിക്കുന്നത്. രാമസ്തംഭം സ്ഥാപിക്കാൻ അയോദ്ധ്യ മുതൽ രാമേശ്വരം വരെയുള്ള 290 സ്ഥലങ്ങളും ഫൗണ്ടേഷൻ കണ്ടെത്തിയിട്ടുണ്ട്.
മണിപർവ്വതത്തിന് പുറമെ അയോദ്ധ്യയുടെ വിവിധ ഭാഗങ്ങളിലായി നാല് തൂണുകൾ കൂടി സ്ഥാപിക്കുമെന്ന് അശോക് സിംഗാൾ ഫൗണ്ടേഷൻ അംഗമായ മനോജ് തിവാരി പറഞ്ഞു. ഓരോ തൂണുകൾക്കും 1000 വർഷത്തെ ആയുസ്സ് ആണ് കണക്കാക്കുന്നത്. ഓരോ തൂണിലും വില്ലും അമ്പും ഭഗവാന്റെ ധ്വജവും കൊത്തിയിട്ടുണ്ടാകും. വാത്മീകി രാമായണത്തിൽ പ്രതിപാദിപ്പിക്കുന്നത് പോലെ വനവാസത്തിനായി അയോദ്ധ്യയിൽ നിന്നുള്ള യാത്രയ്‌ക്കിടെ ഭഗവാൻ രാമനും സീതാദേവിയും കടന്നു പോയെന്ന് കരുതപ്പെടുന്ന ഇടങ്ങളിലാണ് ഇവ സ്ഥാപിക്കുകയെന്നും മനോജ് തിവാരി പറയുന്നു.
40 വർഷത്തെ ഗവേഷണത്തിനൊടുവിലാണ് സംസ്‌കൃതി ശോധ് സൻസ്ഥാൻ ന്യാസ്, ഭഗവാൻ യാത്ര ചെയ്ത 290 സ്ഥലങ്ങൾ കണ്ടെത്തിയതെന്ന് ശ്രീരാമ ജന്മഭൂമി തീരത്ത് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഈ 290 സ്ഥലങ്ങളിലും അശോക് സിംഗാൾ ഫൗണ്ടേഷന്റെ നേതൃത്വത്തിലാകും രാമസ്തംഭം സ്ഥാപിക്കുകയെന്നും ചമ്പത് റായ് വ്യക്തമാക്കി. ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുന്ന അവസരത്തിൽ അടുത്ത വർഷം ജനുവരി 15നും ഫെബ്രുവരി 25നും ഇടയിൽ 50 ലക്ഷത്തോളം ഭക്തരെ ക്ഷേത്രനഗരിയിലേക്ക് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.