ദിസ്പൂർ: ബാല വിവാഹത്തിന് അന്ത്യം കുറിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ 3,907 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ബാല വിവാഹങ്ങൾ തടയുന്നതിനായി ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രത്യേക ഓപ്പറേഷന്റെ രണ്ടാം ഘട്ടത്തിൽ 800 ലധികം പേരെ അറസ്റ്റ് ചെയ്തതായി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
ഈ വർഷമാദ്യം നടന്ന ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം ആയിരത്തോളം ആളുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നതിനാൽ കേസുകളിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ മൊത്തം 3,907 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അതിൽ 3,319 പേർക്കെതിരെ പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ശൈശവ വിവാഹ കേസുകളിൽ പോലീസ് നടപടി തുടരുകയാണ്. 14-വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 വയസ്സിനിടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ ശൈശവവിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്.
പ്രായപൂർത്തികാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചയാൾ, പെൺകുട്ടിയുടെ രക്ഷകർത്താക്കൾ, മത പുരോഹിതന്മാർ എന്നിവർക്കെതിരെ 4000 അധികം കേസുകൾ പോലീസ് രജിസറ്റർ ചെയ്തിരുന്നു. ഈ കേസുകൾ മുൻ നിർത്തിയാണ് ഇപ്പോഴുള്ള അറസ്റ്റ് നടപടികൾ പുരോഗമിക്കുന്നത്.