തൃശൂർ: വിശ്വഹിന്ദു പരിഷത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ബജ്റംഗദൾ സംഘടിപ്പിച്ച ശൗര്യ ജാഗരണ രഥയാത്രയ്‌ക്ക് തൃശ്ശൂരിൽ വൻ സ്വീകരണം. പാറമേക്കാവ് ആഗ്രശാലയില് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സ്വാമി സുധീർ ചൈതന്യ ഭദ്രദീപം കൊളുത്തി.
റിട്ട. എസ്.പി സതീഷ് ചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണു മാലയൻ, സ്വാമി പുരുഷോത്തമാനന്ദ, റിട്ട. പ്രൊഫസർ എൻ.വി നടേശൻ, എം.ആർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരി മാഫിയ, ലൗ ജിഹാദ്, രാജ്യ വിരുദ്ധത എന്നിവയുടെ പിടിയിൽനിന്ന് യുവതലമുറയെ മോചിപ്പിക്കുക, ലക്ഷ്യബോധം നൽകുക, ദേശീയ ധാരയിലേക്ക് എത്തിക്കുക, സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് രഥയാത്രയുടെ ലക്ഷ്യം. യാത്രയിൽ പതിനെട്ട് സ്ഥലത്താണ് പൊതുപരിപാടികൾ സംഘടിപ്പിക്കുന്നത്.
ഒക്ടോബർ ഒന്നിന് കാസർകോട് മഞ്ചേശ്വരം ശ്രീ അനന്തേശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച യാത്ര ആറാം തീയതി തിരുവനന്തപുരത്ത് സമാപിക്കും. കർണ്ണാടക എംപിയും യുവമോർച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യയാണ് രഥയാത്ര ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. മേജർ രവി മുഖ്യപ്രഭാഷണം നടത്തും.















