ഇസ്ലാമബാദ്: പാകിസ്താനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 ഭീകരർ കൊല്ലപ്പെട്ടതായി പാക് ന്യൂസ് എജൻസി. ഖൈബർ പഖ്തൂൺഖ്വയിലെ പെസു എന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക മാദ്ധ്യമ വിഭാഗത്തെ ഉദ്ധരിച്ച് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ‘ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന’ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.
‘ഈ ഭീകരർ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഒപ്പം നിരപരാധികളായ സാധാരണക്കാരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു, റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷനുശേഷം ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെത്തി.
കഴിഞ്ഞ വർഷം നവംബറിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ വെടിനിർത്തൽ അവസാനിപ്പിച്ചതിന് ശേഷം പാകിസ്താനിൽ ചാവേറാക്രമണവും ഭീകരാക്രമണവും വ്യാപകമാണ്. ഈ വർഷം നടന്ന 24 ചാവേർ ആക്രമണങ്ങളിൽ 14 ഉം നടത്തിയത് അഫ്ഗാൻ പൗരന്മാരാണെന്ന് പാക് ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി ആരോപിച്ചു. അഫ്ഗാൻ തീവ്രവാദികൾ പാക് മണ്ണിൽ നിർലോഭം പ്രവർത്തിക്കുകയാണെന്ന് പാക് അധികൃതർ ആരോപിച്ചു. 1.73 ദശലക്ഷം അഫ്ഗാനികൾ ഉൾപ്പെടെ എല്ലാ അനധികൃത കുടിയേറ്റക്കാരും ഉടൻ രാജ്യം വിടണമെന്ന് ഭരണകൂടം അടുത്തിടെ ഉത്തരവിറക്കിയിട്ടുണ്ട്.