കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് 14-ന് തുടക്കം. രാവിലെ ഒമ്പത് മണിയോടെ നവരാത്രി കലോപാസനക്ക് തുടക്കമാകും. ചലച്ചിത്രതാരം പ്രൊഫ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിക്കും. 9.10-മുതൽ വൈകുന്നേരം 3.50 വരെ സംഗീത കച്ചേരി. നാല് മുതൽ രാത്രി 12 വരെ ശാസ്ത്രീയ നൃത്തം എന്നിവ അരങ്ങേറും.
സംഗീത കച്ചേരികൾ, ജലതരംഗ കച്ചേരി, ശാസ്ത്രീയ നൃത്തങ്ങൾ, ഭരതനാട്യം എന്നിവ നടക്കും. സിക്കിൽ ഗുരുചരൺ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ശ്രീലക്ഷ്മി ഗോവർദ്ധന്റെ കുച്ചിപ്പുടി, യുപി രാജു ജയവിഘ്‌നേശ്വർ എന്നിവർ അവതരിപ്പിക്കുന്ന മാൻഡലിൻ ഡ്യൂയറ്റ്. 21-ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് സാരസ്വതം സ്‌കോളർഷിപ്പും കച്ഛപി പുരസ്‌കാര വിതരണവും നൽകും.
6.30-ന് സംഗീത സരസ്വതി പുരസ്‌കാര സമർപ്പണം നടക്കും. ദുർഗാഷ്ടമി ദിനമായ 22-ന് വൈകിട്ട് 6.30-ന് സരസ്വതി നടയിൽ വെള്ളി അങ്കി സമർപ്പണം നടക്കും. ശേഷം ദീപാരാധന, ഗ്രന്ഥമെഴുന്നള്ളിപ്പ്, പൂജവെയ്പ്പ് എന്നിവ നടക്കും. മഹാനവമി ദിനമായ 23-ന് രാവിലെ ഏഴ് മണി മുതൽ സംഗീത സദസ്സ് ആരംഭിക്കും. വിജയദശമി ദിനമായ 24-ന് പുലർച്ചെ നാലിന് പൂജയെടുക്കും. ഇതിന് ശേഷം വിദ്യാരംഭം ആരംഭിക്കും.















