ഹമാസ് ഭീകരരെ നേരിടാൻ ഇസ്രായേലിന് യുകെയുടെ സൈനിക സഹായം; യുദ്ധക്കപ്പലുകളും വിമാനങ്ങളും മേഖലയിൽ വിന്യസിക്കാൻ നിർദ്ദേശവുമായി ഋഷി സുനക്

Published by
Janam Web Desk

ഇസ്രായേലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സൈനിക സന്നാഹങ്ങൾ കൈമാറാനൊരുങ്ങി ബ്രിട്ടൺ. കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് യുദ്ധക്കപ്പൽ വിന്യസിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നാവികസേനയ്‌ക്ക് നിർദ്ദേശം നൽകി. ഭീകരരുടെ നീക്കങ്ങൾ പ്രതിരോധിക്കുക, ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായ ഭീകരർക്ക് ആയുധങ്ങൾ കൈമാറുന്നത് പോലെയുള്ള നീക്കങ്ങൾ തടയുക, സുരക്ഷ ഉറപ്പാക്കുക, സമുദ്രാതിർത്തികളിൽ പട്രോളിംഗ് നടത്തുക എന്നിവയാണ് പ്രധാനലക്ഷ്യങ്ങൾ.

ഇതിന്റെ ഭാഗമായി അടുത്ത ആഴ്ചയോടെ തന്നെ റോയൽ നേവി ടാസ്‌ക് ഗ്രൂപ്പിനെ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിക്കും. യുദ്ധക്കപ്പലുകൾക്ക് പുറമെ വ്യോമ നിരീക്ഷണം ശക്തമാക്കുന്നതിനായി നിരീക്ഷണ വിമാനങ്ങളും മേഖലയിൽ സാന്നിദ്ധ്യമുറപ്പിക്കും. പി8 യുദ്ധവിമാനമാണ് ഇസ്രായേലിനായി ബ്രിട്ടൺ കൈമാറുന്നത്. റോയൽ നേവി കപ്പലുകളായ ആർഎഫ്എ ലൈം ബേ, ആർഎഫ്എ ആർഹസ്, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ എന്നിവയും ഇസ്രായേലിന്റെ അതിർത്തികളിൽ വിന്യസിക്കും

ഇസ്രായേലിൽ നാം ഇതുവരെ കണ്ട ഭീതി ജനിപ്പിക്കുന്ന കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഋഷി സുനക് പറഞ്ഞു. ഇസ്രായേലിനെ യുകെ എന്തുകൊണ്ട് പിന്തുണയ്‌ക്കണമെന്നത് കഴിഞ്ഞ ദിവസങ്ങളിലെ ഭീകരാക്രമണങ്ങളിൽ നിന്ന് ഹമാസ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.പ്രാദേശിക സ്ഥിരത ഉറപ്പുവരുത്താനും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനുമുള്ള എല്ലാ ശ്രമങ്ങളേയും പിന്തുണയ്‌ക്കും. ഹമാസിന്റെ ആക്രമണത്തിന് ഇരയായ ആയിരക്കണക്കിന് നിരപരാധികൾക്ക് മാനുഷിക സഹായം എത്തിക്കാനുള്ള അന്താരാഷ്‌ട്ര നീക്കങ്ങളിൽ പങ്കാളിയാകുമെന്നും ഋഷി സുനക് വ്യക്തമാക്കി.

Share
Leave a Comment