വയനാട്; വയനാടിന്റെ ചരിത്രവും ഗോത്ര പൈതൃകവും വിനോദ സഞ്ചാരികൾക്ക് കൂടുതൽ അറിയുവാനായി കുങ്കിച്ചിറ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. വയനാടിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട ജനവിഭാഗമാണ് വനവാസികൾ. അവരുടെ അമൂല്യമായ കാർഷിക സംസ്കാരവും ജീവിതരീതിയും സഞ്ചാരികൾക്ക് കൂടുതൽ മനസ്സിലാക്കുവാനാണ് കുങ്കിച്ചിറ പൈതൃക മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വനവാസികളുടെ കൃഷി, ജീവിതരീതി, പോരാട്ടങ്ങൾ തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ വിവരങ്ങളാണ് ഈ മ്യൂസിയം ജനങ്ങൾക്ക് സമ്മാനിക്കുന്നത്.
വയനാടിന്റെ ജൈവവൈവിധ്യങ്ങളെ നേരിട്ടറിയാൻ കഴിയുന്ന വിധത്തിലാണ് കുങ്കിച്ചിറ മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകെയുള്ള മൂന്നുസോണുകളിലായി പതിനഞ്ച് പവലിയനുകളാണുള്ളത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പുത്തനറിവാണ് കുങ്കിച്ചിറ സമ്മാനിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള വയനാട്ടിലെ ഗോത്രജനതയുടെ ജീവിത സംസ്കൃതിയിലൂടെ സഞ്ചരിക്കാനാകുമെന്നതാണ് മ്യൂസിയത്തിന്റെ പ്രത്യേകത.
ഒൻപത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുങ്കിച്ചിറ മ്യൂസിയം മലബാറിലെ ഏറ്റവും വലിയ കേന്ദ്രമാണെന്നാണ് പൈതൃകമ്യൂസിയം അധികൃതർ അവകാശപ്പെടുന്നത്. വയനാട്ടിലെ ജനങ്ങളുടെ ഭക്ഷണരീതി, നായാട്ട്, പരമ്പരാഗത കൃഷി, നെൽവിത്തുകൾ തുടങ്ങി സമഗ്രമായ വിവരങ്ങൾ ഇവിടെയുണ്ട്. ഇവിടെയെത്തുന്ന പുതുതലമുറയ്ക്ക് 300 വർഷം മുമ്പുളള ചരിത്രത്തെ കുറിച്ച് കൃത്യമായ വിവരം ലഭിക്കും. അതിനാൽ തന്നെ നൂറുകണക്കിന് സന്ദർശകരാണ് ദിവസേന ഇവിടെ എത്തുന്നത്.