ഫ്രാൻസ്: പാരീസിൽ ബോംബ് ഭീഷണിയെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളായ വെഴ്സൈൽസ് കൊട്ടാരം, ലൂവ്ര് മ്യൂസിയം എന്നിവിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഫ്രാൻസിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വെഴ്സൈൽസ് കൊട്ടാരവും, ലൂവ്ര് മ്യൂസിയവും. മ്യൂസിയത്തിൽ മാത്രം ഒരു ദിവസം 30000 മുതൽ 40000 വരെ വിനോദസഞ്ചാരികൾ എത്താറുണ്ട്. അതുപോലെ തന്നെ ഫ്രാൻസിലെ പുരാതനമായ കൊട്ടാരങ്ങളിൽ ഒന്നാണ് വെഴ്സൈൽസ് കൊട്ടാരം.
ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷയാണ് പാരീസിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഫ്രാൻസിൽ ജാഗ്രതാ നിർദേശവും പുറപ്പെടിവിപ്പിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏഴായിരത്തോളം സൈനികരെ പാരീസിൽ വിന്യസിക്കാനും നഗരത്തിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിൽ സൈനികരുടെ നേതൃത്വത്തിൽ പരിശോധന നടത്താനും സർക്കാർ തലത്തിൽ തീരുമാനമായിട്ടുണ്ട്.
മ്യൂസിയത്തിനും സന്ദർശകർക്കും ഭീഷണിയുള്ളതിനാൽ മ്യൂസിയം ഒരു ദിവസത്തേക്ക് അടക്കുകയാണെന്നും ആവശ്യമായ സുരക്ഷാ പരിശോധനകൾ നടത്തുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ച് നൽകുമെന്നും ലൂവ്ര് അധികാരികൾ അറിയിച്ചു.
ലോകത്തെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നാണ് ലൂവ്ര് മ്യൂസിയം. ലിയനാർഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ മൊണാലിസ ഉൾപ്പടെയുള്ള അമൂല്യവും പുരാതനവുമായ നിരവധി കലാസൃഷ്ടികൾ മ്യൂസിയത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയിലാണ് ഇവിടം. പാരീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് വെഴ്സൈൽസ് കൊട്ടാരം. ഫ്രാൻസിന്റെ മുൻ ഭരണകേന്ദ്രം കൂടിയായ ഈ കൊട്ടാരം നിർമ്മിച്ചത് ലൂയി പതിമൂന്നാമനാണ്. 67,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക പൈതൃക കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.