എറണാകുളം: അഴകിയകാവ് ക്ഷേത്ര ഭൂമിക്കേസിൽ ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയ ആർ.ഡി.ഒ ഉത്തരവിന് സ്റ്റേ. അഴകിയകാവ് ക്ഷേത്രത്തിന്റെ ഭൂമി പുറമ്പോക്കാണെന്ന് വ്യക്തമാക്കി കൊച്ചിൻ ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയ ഫോർട്ടുകൊച്ചി ആർ.ഡി.ഒയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ആർ.ഡി.ഒയുടെ ഉത്തരവ് ചോദ്യം ചെയ്ത് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിയും അഴകിയകാവ് ദേവസ്വം ഓഫീസറും നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
പ്രഥമദൃഷ്ട്യാ ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി തീർപ്പാകുന്നത് വരെ ഈ ഭൂമിയിൽ ഒരു തരത്തിലുള്ള കൈയേറ്റവുമുണ്ടാകുന്നില്ലെന്ന് ജില്ലാ കളക്ടർ, ആർ.ഡി.ഒ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.