ശ്രീനഗർ: ഇസ്രായേൽ-പാലസ്തീൻ സംഘർഷം മുസ്ലീം പ്രശ്‌നമായി കണക്കാക്കുന്നില്ലെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. പാലസ്തീനിൽ ധാരാളം ക്രിസ്ത്യാനികളും ജൂതരും ജീവിക്കുന്നുണ്ട്. അതുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തെ മുസ്ലീമിനെതിരായ വേട്ടയാടലായി കണക്കാക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ അന്താരാഷ്‌ട്ര സമൂഹം ശബ്ദമുയർത്തണമെന്നും പ്രശ്‌ന പരിഹാരത്തിനായി പരിശ്രമിക്കണമെന്നുമാണ് ആവശ്യപ്പെടാനുള്ളത്. പ്രതിദിനം ചോരചീന്തുന്നത് തടയാൻ കഴിയണമെന്നും ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി.
അതേസമയം ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിനെ പഴിച്ച ഹമാസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്രായേലിലേക്ക് ഹമാസ് തൊടുത്തുവിട്ട റോക്കറ്റാണ് ഗാസയിലെ ആശുപത്രിയിൽ പതിച്ചതെന്നും ഹമാസിന് സംഭവിച്ച പിഴവ് ഇസ്രായേലിന്റെ തലയിൽ കെട്ടിവെക്കുകയാണെന്നും ഐഡിഎഫ് ആരോപിച്ചു. ഇതിനിടെ ലെബനൻ അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ സംഘർഷം തുടരുന്നതിനാൽ ലെബനനിലേക്ക് അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശം.