ശ്രീനഗർ: കശ്മീരിൽ വന്ദേഭാരത് സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷണവ്. ജമ്മു-ശ്രീനഗർ പാത പ്രവർത്തനക്ഷമമായതിന് ശേഷം വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത വർഷം മാർച്ച് മാസത്തോട് കൂടി 75 വന്ദ്രഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നും ദീർഘദൂര യാത്രകൾക്ക് രാജധാനി എക്സ്പ്രസ്സുകൾക്ക് പകരമായി വന്ദേഭാരത് ട്രെയിനുകൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ മേഖലയുടേയും ജമ്മു-കശ്മീരിന്റെയും റെയിൽ ഗതാഗത വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. വരും വർഷങ്ങളിൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ വിപുലീകരിക്കുമെന്നും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ത്രിപുരയിൽ റെയിൽവേ ലൈൻ ഉടൻ വൈദ്യുതീകരിക്കപ്പെടുമെന്നും തുടർന്ന് ത്രിപുരയിലേക്ക് വന്ദേഭാരത് സർവീസുകൾ നൽകാൻ കേന്ദ്രത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിൽ ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ പ്രത്യേക രീതിയിലാണ് നിർമ്മിക്കുന്നത്. ഏത് കാലാവസ്ഥയിലൂടെ സഞ്ചരിക്കാനും വളരെ സുഗമമായി ഉയരമേറിയ ട്രാക്കുകളിലൂടെ സഞ്ചരിക്കാനും കശ്മീരിൽ സർവീസ് നടത്താനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.