നവംബർ 30-ഓടെ സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നറിയിച്ച് ടെസ്ല. ഇതുവരെ പത്ത് ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചതായി കമ്പനി അറിയിച്ചു. ടെസ്ല സൈബർട്രക്ക് 2019 അവസാനത്തോടെയാണ് വിപണിയിൽ എത്തുന്നത്. രണ്ട് വർഷത്തിന് ശേഷം വിതരണം ചെയ്യാമെന്നായിരുന്നു അന്ന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തത്.
ഈ വർഷം ആദ്യം ഡെലിവറി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും നടന്നില്ല. എൻട്രി ലെവൽ വിലകൾ നാല് വർഷം മുമ്പ് പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡെലിവറിയ്ക്ക് മുമ്പ് മാത്രമേ സൈബർട്രാക്കിന്റെ വിലയും മറ്റ് വിവരങ്ങളും ബ്രാൻഡ് പുറത്തു വിടുകയുള്ളൂ.
ടെക്സസിലെ ജിഗാ ഫാക്ടറിയിൽ നിന്നാണ് വാഹനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സാങ്കേതിക മികവിൽ മുന്നിലായിരിക്കും വാഹനം എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനം ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഫോണും ടെസ്ല ആപ്പും തമ്മിൽ ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഒറ്റ ചാർജിംഗിൽ 800 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനത്തിനുണ്ടെന്ന് ടെസ്ല പറയുന്നു.