ന്യൂഡൽഹി: ഇന്ത്യൻ സൈനിക ഹെറിറ്റേജ് ഫെസ്റ്റിവൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ മനേക്ഷാ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിലെ സായുധ സേനയെ കുറിച്ച് യുവാക്കൾ അറിഞ്ഞിരിക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് സായുധ സേനയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയുണ്ടാകും. രാജ്യത്തിന്റെ സൈനിക ചരിത്രത്തെ കുറിച്ചും സായുധ സേനയുടെ പങ്കിനെ കുറിച്ച് യുവാക്കൾ അറിയണം. അവർ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം.
ആഗോള ശക്തി, ജനാധിപത്യം എന്നിവയിൽ കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് സാധിച്ചു. ഇത് എല്ലാ വികസ്വര രാജ്യങ്ങളുടെയും വികസനത്തിന് സഹായകമാണ്. സുരക്ഷ, സ്വാശ്രയത്വം, പ്രതിരോധം, ആത്മനിർഭർ ഭാരതത്തിന്റെ ശക്തി എന്നിവയിലും പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തിന്റെ സൈനിക ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങാനും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും പരിപാടി സഹായകരമാകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ കല, നൃത്തം, നാടകം, എക്സിബിഷൻ എന്നിവ സംഘടിപ്പിക്കും. പരിപാടിയിലൂടെ ഭാരതത്തിന്റെ സൈനിക സംസ്കാരവും ചരിത്രവും യുവ ജനങ്ങൾക്ക് പകർന്ന് നൽകുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. സായുധ സേനയിലെ പ്രഗത്ഭരായ പരിശീലകർ, സേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരുടെ ചർച്ചകളും പരിപാടിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.