ഭാരതത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളുടെ മേന്മയും മനോഹാരിതയും ലോകമെമ്പാടും പ്രശസ്തമാണ്. പ്രത്യേകിച്ചും സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ. അതിൽ മുന്നിൽ നിൽക്കുന്നത് ആരെയും ആകർഷ്ടിക്കുന്ന സാരികളാണ്. വിദേശികൾ ഇന്ത്യയിലെത്തി ഇവിടുത്തെ സംസ്‌കാരങ്ങൾക്കനുസരിച്ച് വസ്ത്രങ്ങൾ ധരിക്കുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇന്ത്യയിലെത്തി നമ്മുടെ രാജ്യത്തിന്റെ വസ്ത്രത്തെ കുറിച്ച് പുകഴ്‌ത്തി പറയുന്ന നോർവേ അംബാസിഡർ മെയ്-എലിൻ സ്റ്റെനറിന്റെ പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ദീപവാലി ആഘോഷത്തിനായി ആദ്യമായി സാരിയുടുക്കാൻ തയാറാകുന്ന മെയ്-എലിൻ സ്റ്റെനറിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്. ‘അനേകം നിറങ്ങളും, തുണിത്തരങ്ങളും പല രീതിയിൽ നെയ്‌തെടുത്ത വസ്ത്രങ്ങളുമാണ് തന്റെ ചുറ്റും. അതിനാൽ തിരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാകുന്നു’ എന്നാണ് മെയ്-എലിൻ പറയുന്നത്. മൂന്ന് വ്യത്യസ്ത സാരികൾ ധരിച്ച ചിത്രത്തോടൊപ്പമാണ് മെയ്-എലിൻ ട്വിറ്ററിൽ കുറിച്ചത്. ദീപാവലി ആഘോഷത്തിന് തന്റെ ഭർത്താവും പരമ്പരാഗത വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. ഭാരതത്തിലെ പരമ്പരാഗത വസ്ത്രങ്ങൾ എല്ലാ ആഘോഷങ്ങളുടെയും മാറ്റ് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സംസ്‌കാരത്തെയും ആഘോഷങ്ങളെയും കുറിച്ച് അറിയാനും അനുഭവിക്കാനും അതിയായ ആഗ്രഹമാണെന്നും നോർവേയും ഇന്ത്യയും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെന്നും മെയ്-എലിൻ ട്വിറ്ററിൽ കുറിച്ചു.















